KERALALATEST

‘വാഹനമായാല്‍ ഇടിക്കും’; അപകടത്തിനു പിന്നാലെ ആന്‍സന്റെ പ്രതികരണം; നരഹത്യയ്ക്കു കേസ്‌

കൊച്ചി: റോഡു മുറിച്ചു കടക്കുന്നതിനിടെ വിദ്യാര്‍ത്ഥിനി ബൈക്ക് ഇടിച്ചു മരിച്ച സംഭവത്തില്‍, ബൈക്ക് ഓടിച്ചയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബൈക്ക് ഓടിച്ച ആന്‍സണ്‍ റോയിക്കെതിരെ കുറ്റകരമായ നരഹത്യ, അപകടകരമായ രീതിയില്‍ വാഹനമോടിച്ചു എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

മൂവാറ്റുപുഴ നിര്‍മല കോളജ് ബികോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിനി വാളകം സ്വദേശിനി നമിതയാണ് മരിച്ചത്. നമിതയ്‌ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ത്ഥിനിക്കും പരിക്കേറ്റിട്ടുണ്ട്. ഇന്നലെ വൈകീട്ട് ഇരുവരും റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇരച്ചെത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

മരിച്ച നമിതയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംസ്‌കാരം ഇന്ന് മൂവാറ്റുപുഴ മുനിസിപ്പല്‍ ശ്മശാനത്തില്‍ നടക്കും. അപകടം മനഃപൂര്‍വം വരുത്തിവെച്ചതാണെന്ന് ദൃക്‌സാക്ഷികളായ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. കോളജിന് മുന്നിലൂടെ ആന്‍സണ്‍ റോയി അമിത വേഗത്തില്‍ പോയത് കുട്ടികള്‍ ചോദ്യം ചെയ്തിരുന്നു.

കുട്ടികളെ പ്രകോപിപ്പിക്കാന്‍ ഇയാള്‍ വീണ്ടും ബൈക്കില്‍ അമിത വേഗത്തില്‍ എത്തിയപ്പോഴാണ് അപകടമുണ്ടായതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അപകടമുണ്ടാകുന്നതിനു മുൻപ്‌ കോളേജ് പരിസരത്ത് അമിത വേഗത്തിൽ ഇയാൾ ചുറ്റിക്കറങ്ങിയിരുന്നു.

അപകടത്തിന്റെയടക്കം ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. അപകട ശേഷം ആശുപത്രിയിൽവെച്ച് ‘വാഹനമായാൽ ഇടിക്കും’ എന്ന് ബൈക്കോടിച്ചിരുന്ന ആൻസൺ പ്രതികരിച്ചത് വിദ്യാർഥികളുടെ രോഷത്തിനിടയാക്കി. ഇതോടെ ആശുപത്രി പരിസരത്ത് സംഘർഷമുടലെടുത്തിരുന്നു.

Related Articles

Back to top button