BREAKING NEWSKERALA

കോളജ് പ്രിന്‍സിപ്പല്‍ നിയമനത്തില്‍ ഇടപെട്ടു എന്ന വാദം അടിസ്ഥാനരഹിതം: വിശദീകരണവുമായി മന്ത്രി

തിരുവനന്തപുരം: കോളജ് പ്രിന്‍സിപ്പല്‍ നിയമനത്തില്‍ ഇടപെട്ടു എന്ന വാദം അടിസ്ഥാനരഹിതമാണെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു. നേരത്തെ തന്നെ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ മുന്‍പില്‍ ചില പരാതികള്‍ എത്തിയിരുന്നു. ഇതില്‍ ചില ഇടക്കാല കോടതി വിധികള്‍ ഉണ്ടായിരുന്നു. ഇതെല്ലാം പരിശോധിച്ചതിനുശേഷം മാത്രമേ ലിസ്റ്റ് അംഗീകരിക്കൂ എന്നും മന്ത്രി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ടു യുജിസി ചട്ടങ്ങള്‍ ലംഘിക്കുന്നതിനോ സ്‌പെഷല്‍ റൂള്‍സിലെ നിബന്ധനകള്‍ ലംഘിക്കുന്നതിനോ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടലുകള്‍ ഉണ്ടായിട്ടില്ലെന്നു മന്ത്രി ആര്‍.ബിന്ദു. മന്ത്രിക്കോ സര്‍ക്കാരിനോ നിയമനവുമായി ബന്ധപ്പെട്ടു പ്രത്യേക താല്‍പര്യമില്ലെന്നും പരാതിക്കിടയാക്കാത്ത രീതിയില്‍ പ്രിന്‍സിപ്പല്‍ നിയമനം നടത്താനാണു ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അന്തിമ പട്ടിക ഇതുവരെ തയാറായിട്ടില്ല. കോടതി വിധികളെ പരിഗണിച്ച് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തുടര്‍നടപടികള്‍ സ്വീകരിക്കുക എന്ന് ആര്‍. ബിന്ദു കൂട്ടിച്ചേര്‍ത്തു. ”പരാതികള്‍ പരിഹരിക്കാനാണു നിര്‍ദേശിച്ചത്. പ്രിന്‍സിപ്പല്‍ നിയമനം സീനിയോറിറ്റി പരിഗണിച്ചാണ്. സിലക്ഷന്‍ കമ്മിറ്റിയാണ് ഇതിനായി പട്ടിക തയാറാക്കിയത്. സെലക്ഷന്‍ കമ്മിറ്റി 67 പേരെ തിരഞ്ഞെടുത്തു. 2019ലാണ് യുജിസിയുടെ കെയര്‍ലിസ്റ്റ് വന്നത്. അതിനുമുന്‍പ് പ്രസിദ്ധീകരിച്ച ജേര്‍ണലുകള്‍ കണക്കിലെടുക്കേണ്ടതില്ല എന്ന കാഴ്ചപ്പാടോടുകൂടിയാണ് പലരെയും ഒഴിവാക്കി 43 പേരിലേക്കു പട്ടിക ചുരുക്കിയത്. കെയര്‍ലിസ്റ്റ് വരുന്നതിനു മുന്‍പ് ഏത് ജേര്‍ണലുകളിലും അങ്ങനെ പ്രസിദ്ധീകരിക്കാം. 67 പേരെ ആദ്യം തിരഞ്ഞെടുക്കുകയും പിന്നീടത് 43 ആകുമ്പോള്‍ ഒഴിവാക്കപ്പെട്ടവരുടെ ഭാഗത്തുനിന്ന് പരാതികള്‍ ഉയരുന്നത് സ്വാഭാവികമാണ്.
എല്ലായിടത്തും മുതിര്‍ന്ന അധ്യാപകര്‍ കടന്നു വരികയും തങ്ങളുടെ സീനിയോറിറ്റിയെ ബാധിക്കുന്ന കാര്യമാണെന്ന് അറിയിക്കുകയും ചെയ്തു. അത് പരിശോധിക്കേണ്ടത് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള നീതി പൂര്‍വമായ ഇടപെടലാണ്. പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ പരാതി ഉന്നയിച്ചിരുന്നു. സിലക്ഷന്‍ കമ്മിറ്റി കീഴില്‍ സബ് കമ്മിറ്റി രൂപീകരിച്ചത് നിയമപ്രകാരമാണോ എന്നു പരിശോധിക്കണം. മന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടല്ല സബ് കമ്മിറ്റി രൂപീകരിച്ചത്. പട്ടികയില്‍ ആരെയും തിരുക്കികയറ്റാനുള്ള താല്‍പര്യം എനിക്കോ സര്‍ക്കാരിനോ ഇല്ല” മന്ത്രി ബിന്ദു പറഞ്ഞു.
സംസ്ഥാനത്തെ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരായി നിയമിക്കേണ്ട 43 പേരുടെ പിഎസ്‌സി അംഗീകരിച്ച പട്ടിക കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ സമര്‍പ്പിച്ചപ്പോള്‍ അതിനെ കരടു പട്ടികയായി പരിഗണിച്ചാല്‍ മതിയെന്നു നിര്‍ദേശിച്ചത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു ആണെന്ന് വിവരാവകാശ രേഖ വ്യക്തമാക്കിയിരുന്നു. ഈ പട്ടികയില്‍നിന്നു തഴയപ്പെട്ടവരെ കൂടി ഉള്‍പ്പെടുത്തുന്നതിന് അപ്പീല്‍ കമ്മിറ്റിയെ നിയോഗിക്കുന്നതിനു വേണ്ടിയായിരുന്നു മന്ത്രിയുടെ ഇടപെടല്‍. ഇതു കേസില്‍ കുടുങ്ങുക കൂടി ചെയ്തതോടെ, വര്‍ഷങ്ങളായി പ്രിന്‍സിപ്പല്‍മാരില്ലാത്ത സംസ്ഥാനത്തെ ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ നിയമനം പിന്നെയും വൈകുകയാണ്.

Related Articles

Back to top button