BREAKING NEWSNATIONAL

നഗ്ന വീഡിയോ കോള്‍ വിളിച്ച് കേന്ദ്ര മന്ത്രിയെ ഭീഷണിപ്പെടുത്തി; രണ്ട് പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലിനെ വീഡിയോ കോളില്‍ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം നടന്നതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കേന്ദ്ര ജല, ഭക്ഷ്യ സംസ്‌കരണ, വ്യവസായ വകുപ്പ് സഹമന്ത്രി ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചവരെയാണ് രാജസ്ഥാനില്‍ നിന്നും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. കേന്ദ്ര മന്ത്രിയെ വീഡിയോ കോള്‍ വിളിക്കുകയും, കോള്‍ അറ്റന്‍ഡ് ചെയ്യുമ്പോള്‍ മറുവശത്ത് നഗ്ന വീഡിയോ ഉള്‍പെടുത്തി ഭീഷണിപ്പെടുകയും ചെയ്തതിനാണ് കേസ്. സംഭവത്തില്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നല്‍കിയ പരാതിയിലാണ് ഡല്‍ഹി പോലീസ് നടപടി.
അതേസമയം, മറ്റൊരു ബിജെപി എംപി ജി.എം സിദ്ദേശ്വരയ്ക്കും സമാനമായ വീഡിയോ കോള്‍ കിട്ടി എന്നും റിപ്പോര്‍ട്ടുണ്ട്. ജൂണ്‍ അവസാന ആഴ്ചയിലാണ് മന്ത്രിക്ക് വീഡിയോ കോളെത്തിയത്. ഇതിന് പിന്നാലെ പട്ടേലിന്റെ പേഴ്‌സണല്‍ സെക്രട്ടറി അലോക് മോഹന്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രാജസ്ഥാന്‍ സ്വദേശികളായ എംഡി വക്കീല്‍, എംഡി സാഹിബ് എന്നിവര്‍ പിടിയിലാകുന്നത്. കെണിയൊരുക്കിയ എംഡി സാബിര്‍ എന്നയാള്‍ ഇപ്പോഴും ഒളിവിലാണ്, ഇയാളെ പിടികൂടാനുള്ള അന്വേഷണം തുടരുകയാണ്.
വീഡിയോ കോള്‍ വിളിച്ച് മറുവശത്ത് നഗ്നരായ സ്ത്രീകളെ ഉപയോഗിച്ച് ലൈംഗിക സ്വഭാവമുള്ള വീഡിയോ റെക്കോര്‍ഡ് ചെയ്യുകയാണ് ഇവരുടെ രീതിയെന്ന് പോലീസ് പറയുന്നു. പിന്നീട് നഗ്നവീഡിയോ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് പതിവ്. വീഡിയോ കട്ടായതിന് പിന്നാലെ മന്ത്രിയുടെ നഗ്നവീഡിയോ ഉണ്ടെന്നും അത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ഭീഷണി കോളെത്തി. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Related Articles

Back to top button