KERALALATEST

രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റി അംഗത്തെ സിപിഎം സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന വിഷ്ണുവിന്റെ രക്തസാക്ഷി ഫണ്ട് വെട്ടിച്ചുവെന്ന ആരോപണത്തില്‍ നടപടിയുമായി സിപിഎം. ആരോപണവിധേയനായ വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റി അംഗം ടി രവീന്ദ്രന്‍ നായരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

2008 ല്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകനായി വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി ശേഖരിച്ച രക്തസാക്ഷി ഫണ്ടില്‍ തട്ടിപ്പ് നടത്തിയെന്നായിരുന്നു ഇദ്ദേഹത്തിനെതിരെയുള്ള ആരോപണം. അന്ന് ഏരിയാ സെക്രട്ടറിയായിരുന്നു ടി രവീന്ദ്രന്‍ നായര്‍. വിഷ്ണുവിന്റെ കുടുംബത്തിനുള്ള സഹായ ധനം നല്‍കിയ ശേഷം അഞ്ച് ലക്ഷം കേസ് നടത്തിപ്പിനും മറ്റുമായി മാറ്റിവച്ചിരുന്നു. എന്നാല്‍ ഈ പണം രവീന്ദ്രന്‍ നായര്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നായിരുന്നു പരാതി.

സംഭവത്തില്‍ വിഷ്ണുവിന്റെ കുടുംബം പരാതിയുമായി പാര്‍ട്ടി നേതാക്കളെ സമീപിക്കുകയായിരുന്നു. പിന്നാലെ നിലവിലെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയിയെ അന്വേഷണ കമ്മീഷനാക്കി പരാതി പാര്‍ട്ടി അന്വേഷിച്ചിരുന്നു. തുടര്‍ന്നാണ് നടപടി. വിഷ്ണു വധക്കേസില്‍ കുറ്റാരോപിതരായ 13 ആര്‍എസ്എസ് പ്രവര്‍ത്തകരെയും കോടതി വെറുതെ വിട്ടിരുന്നു. കീഴ്‌ക്കോടതിയുടെ ശിക്ഷാ വിധി ചോദ്യം ചെയ്ത് പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതിയാണ് 13 പേരെയും കുറ്റവിമുക്തരാക്കിയത്.

കൈതമുക്ക് പാസ്‌പോര്‍ട്ട് ഓഫീസിന് മുന്നിലിട്ടാണ് 2008 ല്‍ ആര്‍എസ്എസ് സംഘം വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയത്.

Related Articles

Back to top button