BREAKING NEWSKERALA

എഐ ക്യാമറ അഴിമതി: പ്രതിപക്ഷ നേതാക്കള്‍ നല്‍കിയ പൊതുതാല്‍പര്യഹര്‍ജികള്‍ ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും

തിരുവനന്തപുരം: എഐ ക്യാമറ അഴിമതിയില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനും, രമേശ് ചെന്നിത്തലയും നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പദ്ധതിയില്‍ നിന്നും പിന്മാറാനുണ്ടായ കാരണങ്ങള്‍ അടക്കം വിശദീകരിച്ച് ഉപകരാര്‍ നേടിയ ലൈറ്റ് മാസ്റ്റര്‍ കമ്പനി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
പ്രസാദിയോ കമ്പനി ആവശ്യപ്പെട്ട പ്രകാരം 75 കോടിയുടെ കണ്‍സോര്‍ഷ്യത്തില്‍ സഹകരിച്ചു. എന്നാല്‍ ഒരു പ്രത്യേക കമ്പനിയുടെ ക്യാമറ വാങ്ങാന്‍ ആവശ്യപ്പെടുകയും , സംശയം തോന്നിയതിനെ തുടര്‍ന്ന് കണ്‍സോര്‍ഷ്യത്തിലെ മറ്റംഗങളെ ഇക്കാര്യം ധരിപ്പിച്ചു കൊണ്ട് പിന്മാറുകയായിരുന്നുവെന്നുമാണ് ലൈറ്റ് മാസ്റ്റര്‍ കോടതിയെ അറിയിച്ചിട്ടുള്ളത്.
കൂടാതെ ലാഭവിഹിതം 40% ല്‍ നിന്നും 32 ശതമാനമാക്കി കുറച്ചതും പിന്മാറിയതിനുള്ള കാരണമായി കമ്പനി വ്യക്തമാക്കിയിരുന്നു. മൊത്തം 75 ലക്ഷം രൂപയാണ് എഐ ക്യാമറ പദ്ധതിയില്‍ ഉപകരാര്‍ നേടിയ ലൈറ്റ് മാസ്റ്റര്‍ കമ്പനി മുടക്കിയത്.
ഗുരുതര ആരോപണങ്ങളായിരുന്നു കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷം മുന്നോട്ടുവച്ചത്. കരാര്‍ ടെണ്ടറില്‍ നാല് കമ്പനികള്‍ പങ്കെടുത്തു. ടെക്‌നിക്കല്‍ യോഗ്യതയില്ലാത്തതിനാല്‍ ഇതില്‍ ഒരു കമ്പനിയെ ആദ്യം തന്നെ പുറത്താക്കി. മറ്റ് മൂന്ന് കമ്പനികളാണ് ടെണ്ടറില്‍ പങ്കെടുത്തത്. ഇതില്‍ ഒന്നാം സ്ഥാനത്ത് വന്ന കമ്പനി സ്രിറ്റിന് കരാര്‍ നല്‍കി. രണ്ടാം സ്ഥാനത്ത് വന്ന അശോക ബില്‍കോള്‍ സോഫ്‌റ്റ്വെയറുമായി ബന്ധമില്ലാത്ത പാലം, റോഡ് കോണ്‍ട്രാക്ടുകളേറ്റെടുത്ത് നടത്തുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ്. ഒന്നാം സ്ഥാനത്ത് വന്ന സിര്‍ട്ടുമായി ഇവര്‍ക്ക് പക്ഷേ ബന്ധമുണ്ട്. കെ -ഫോണ്‍ ഇടപാടില്‍ സ്രിറ്റിന് ഉപകരാര്‍ നല്‍കിയ കമ്പനിയാണ് അശോക. ഇവരുടെ സ്വന്തം കമ്പനി. മൂന്നാം കമ്പനിയായ അക്ഷര എന്റര്‍പ്രൈസിനും സ്രിറ്റ് കമ്പനിയുമായി ബന്ധമുണ്ട്. ഈ കമ്പനികള്‍ കാര്‍ട്ടല്‍ ഉണ്ടാക്കിയാണ് കരാര്‍ പിടിക്കുന്നത്. ഇതെല്ലാം അഴിമതിയാണ്.
സാങ്കേതിക പ്രാധാന്യമുള്ള കേസുകള്‍ സബ് കോണ്‍ട്രാക്ട് നല്‍കരുതെന്ന് നിര്‍ദേശമുണ്ട്. ഇവിടെ അത് പാലിക്കപ്പെട്ടില്ല. മൂന്ന് കമ്പനികള്‍ ചേര്‍ന്നു കാര്‍ട്ടല്‍ ഉണ്ടാക്കി. രണ്ടു കമ്പനികള്‍ സ്രിറ്റിന് കരാര്‍ കിട്ടാന്‍ കൂടിയ തുക ക്വട്ട് ചെയ്തു.
മത്സരത്തില്‍ ഇല്ലാത്ത രണ്ട് ഐ.ടി കമ്പനികള്‍ സ്രിറ്റിനെ പിന്തുണച്ചു. സാങ്കേതിക തികവില്ലാത്ത കമ്പനിയാണ് സ്രിറ്റ്. അതുകൊണ്ടാണ് പുറത്തുള്ള രണ്ട് കമ്പനികള്‍ സാങ്കേതിക പിന്തുണ നല്‍കിയത്. സ്രിറ്റിന് ഒമ്പത് കോടിയാണ് നോക്കുകൂലി. എല്ലാത്തിന്റെയും കേന്ദ്രം പ്രസാദിയോ കമ്പനിയാണ്. അതാരുടേതാണെന്ന് വ്യക്തമാക്കണം. സാങ്കേതിക തികവില്ലാത്ത മൂന്ന് കമ്പനികളാണ് കരാറിനു വേണ്ടി മത്സരിച്ചത്. എല്ലാ മാനദണ്ഡങ്ങളെയും മറികടന്നാണ് കരാര്‍.കണ്ണൂര്‍ ആസ്ഥാനമാക്കിയുള്ള ചില കറക്ക് കമ്പനികളാണ് ഇതിന് പിന്നില്‍. ഊരാളുങ്കലും സ്രിറ്റും ചേര്‍ന്നു കമ്പനി നിലവിലുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.

Related Articles

Back to top button