BREAKING NEWSKERALALATEST

ജെയ്‌ക്കോ ചാണ്ടി ഉമ്മനോ? പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി

കോട്ടയം: പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ പിൻ​ഗാമിയെ ഇന്ന് അറിയാം. ഇരു മുന്നണികളും വിജയപ്രതീക്ഷയിലാണ്. ചൊവ്വാഴ്‌ച നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകൾ രാവിലെ 9 മണിയോടെ ലഭിക്കു. വോട്ടെണ്ണൽ രാവിലെ എട്ടു മണിക്ക് ആരംഭിക്കും. കോട്ടയം ബസേലിയസ് കോളേജിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ ആദ്യ റൗണ്ട് എണ്ണിത്തീരുമ്പോൾ തന്നെ ട്രെൻഡ് വ്യക്തമാകും. രാവിലെ 10 മണിയോടെ ഫലം അറിയാനാകുമെന്നാണ് കരുതുന്നത്.

യുഡിഎഫിനായി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനും എൽഡിഎഫിനായി ജെയ്ക് സി തോമസും എൻഡിഎക്കു വേണ്ടി ജി ലിജിൻ ലാലുമാണു മത്സരിക്കുന്നത്. അയർക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളാണ് ആദ്യ രണ്ട് റൗണ്ടുകളിലായി എണ്ണുന്നത്. ഈ റൗണ്ടുകൾ എണ്ണിക്കഴിയുമ്പോൾ തന്നെ കൃത്യമായ ഫലസൂചന കിട്ടും.  കടുത്ത മത്സരം നടന്ന 2021ൽ പോലും ഉമ്മൻ ചാണ്ടിക്ക് 1293 വോട്ടിൻറെ ഭൂരിപക്ഷം അയർക്കുന്നത്ത് കിട്ടിയിരുന്നു. അയ്യായിരത്തിന് മുകളിലുള്ള ലീഡാണ് യുഡിഎഫ് ഇത്തവണ ഇവിടെ പ്രതീക്ഷിക്കുന്നത്. ലീഡ് 2000ൽ താഴെ പിടിച്ചുനിർത്താനാവുമെന്നാണ് എൽഡിഎഫ് പ്രതീക്ഷ.

പിന്നാലെ അകലക്കുന്നം, കൂരോപ്പട, മണർകാട്, പാമ്പാടി, പുതുപ്പള്ളി, മീനടം, വാകത്താനം പഞ്ചായത്തുകളും എണ്ണും.  14 മേശകളിൽ വോട്ടിങ് യന്ത്രവും 5 മേശകളിൽ തപാൽ വോട്ടുകളും ഒരു മേശയിൽ സർവീസ് വോട്ടർമാർക്കുള്ള ഇടിപിബിഎസ് (ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം) വോട്ടും എണ്ണും.  തപാൽ വോട്ടുകളും സർവീസ് വോട്ടുകളുമാണ് ആദ്യം എണ്ണുക. ഇടിപിബിഎസ് വോട്ടുകളിലെ ക്യുആർ കോഡ് സ്കാൻ ചെയ്ത് കൗണ്ടിങ് ഉദ്യോഗസ്ഥർക്ക് നൽകിയ ശേഷമായിരിക്കും വോട്ടെണ്ണൽ. തുടർന്ന് 14 മേശകളിൽ വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. 13 റൗണ്ടുകളിൽ വോട്ടെണ്ണൽ നടക്കും.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ 72.86% പേർ വോട്ട് ചെയ്തെന്ന് ഔദ്യോഗിക കണക്ക്. തപാൽ വോട്ടുകൾ കൂടാതെയുള്ള കണക്കാണിത്. ഉപതെരഞ്ഞെടുപ്പിൽ 1,28,535 പേരാണ് വോട്ട് ചെയ്തത്. ഏഴു സ്ഥാനാർത്ഥികളാണ് മത്സരരം​ഗത്തുള്ളത്. യുഡിഎഫിന്റെ ചാണ്ടി ഉമ്മൻ, എൽഡിഎഫിന്റെ ജെയ്ക് സി തോമസ്, ബിജെപിയുടെ ലിജിൻ ലാൽ എന്നിവർ തമ്മിലാണ് പ്രധാന മത്സരം. എക്സിറ്റ് പോളുകളടക്കം പുറത്ത് വന്നതോടെ വൻ വിജയ  പ്രതീക്ഷയിലാണ് യുഡിഎഫ്.

Related Articles

Back to top button