KERALALATEST

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: എസി മൊയ്തീന്‍ നാളെ ഇഡിക്കു മുന്നിൽ ഹാജരാകും

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടു കേസിൽ മുൻമന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്തീൻ നാളെ ഇഡി ഓഫീസിൽ ഹാജരാകും. ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് എസി മൊയ്തീൻ വ്യക്തമാക്കി. ഇഡി ഓഫീസിൽ ഹാജരാകുന്നതിനാൽ, നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്നും മൊയ്തീൻ പറഞ്ഞു.

ചോദ്യം ചെയ്യുന്നതിനായി ഇഡി രണ്ടു തവണ നോട്ടീസ് നൽകിയിരുന്നെങ്കിലും അസൗകര്യം ചൂണ്ടിക്കാട്ടി മൊയ്തീൻ ഒഴിവാകുകയായിരുന്നു. ബാങ്കിൽനിന്ന് ബിനാമികൾക്ക് വ്യാജ വായ്പ അനുവദിക്കുന്നതിൽ എസി മൊയ്തീൻ ഇടപെട്ടുവെന്ന് ഇഡിക്ക് മൊഴി ലഭിച്ചിരുന്നു. 10 വർഷത്തെ ആദായ നികുതി രേഖകൾ ഉൾപ്പെടെ ഹാജരാക്കാനാണ് ഇ ഡി എ സി മൊയ്തീനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

മൊയ്തീനുമായി അടുത്ത ബന്ധമുള്ള തൃശൂർ കോർപറേഷൻ കൗൺസിലർ അനൂപ് ഡേവിസിനെയും, വടക്കാഞ്ചേരി സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അരവിന്ദാക്ഷനെയും ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുണ്ട്. തട്ടിപ്പിലൂടെ പി സതീഷ് കുമാറിന്റെ കൈവശമെത്തിയ പണത്തിന്റെ വിഹിതം മുൻ എംപി ക്കും ലഭിച്ചുവെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മുൻ എംപി, എംഎൽഎ എന്നിവരുടെയെല്ലാം ബിനാമിയാണ് സതീഷ് കുമാറെന്നാണ് ഇഡിക്ക് മൊഴി ലഭിച്ചിട്ടുള്ളത്.

മുൻ എംപി ക്ക് പണം നൽകിയിട്ടുണ്ടന്ന് സ്ഥിരീകരിക്കുന്ന ഫോൺ സംഭാഷണം സതീഷ് കുമാറിന്റെ ഫോണിൽ നിന്ന് ലഭിച്ചുവെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ എസി മൊയ്തീനൊപ്പം മുൻ എംപി പി കെ ബിജുവിനും പങ്കുണ്ടെന്ന് മുൻ എംഎൽഎ അനിൽ അക്കര ആരോപിച്ചിരുന്നു. ബിജുവിന്റെ മെന്ററാണ് പ്രതിയായ സതീഷ് എന്നും അനിൽ അക്കര പറഞ്ഞു.

Related Articles

Back to top button