BREAKING NEWSKERALA

കെഎം ഷാജിയും മുസ്ലിംലീഗും സ്ത്രീകളെ കാണുന്നത് സാധനങ്ങളായി മാത്രം; മന്ത്രി ആര്‍. ബിന്ദു

തിരുവനന്തപുരം: മന്ത്രി വീണാ ജോര്‍ജിനെതിരായ അധിക്ഷേപത്തില്‍ കെഎം ഷാജിക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി മന്ത്രി ആര്‍. ബിന്ദു. ഷാജിയും മുസ്ലിംലീഗും സ്ത്രീകളെ കാണുന്നത് സാധനങ്ങളായി മാത്രമാണെന്നും കെഎം ഷാജിയുടേത് കുശുമ്പുകുത്തും സംസ്‌കാരശൂന്യതയുമാണെന്നും മന്ത്രി ആര്‍. ബിന്ദു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പരാമര്‍ശത്തെ ശക്തമായി അപലപിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.

മന്ത്രി ആര്‍. ബിന്ദുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ആരോഗ്യമന്ത്രി സ വീണാ ജോര്‍ജ്ജിനെതിരായി കെ എം ഷാജി നടത്തിയ പരാമര്‍ശത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു. വിദ്യാസമ്പന്നയും ബുദ്ധിമതിയും കര്‍മ്മകുശലയുമായ സ. വീണ ഇതിനകം തന്റെ പ്രാഗത്ഭ്യവും ഇടപെടല്‍ ശേഷിയും നേതൃപാടവവും മികച്ച നിലയില്‍ തെളിയിച്ച വനിതാരത്‌നമാണ്. അവരെ അന്തവും കുന്തവുമില്ലാത്ത ”സാധനം” എന്നാണ് ഷാജി വിശേഷിപ്പിച്ചത്. ഷാജിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും വെറും സാധനങ്ങള്‍ മാത്രമായാണ് സ്ത്രീകളെ തങ്ങള്‍ കാണുന്നത് എന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കിയിരിക്കുന്നു.
മികച്ച ഭൂരിപക്ഷത്തിന് രണ്ടാം പ്രാവശ്യവും സ്വന്തം മണ്ഡലത്തില്‍ നിന്ന് ജനസമ്മതി നേടി ജയിച്ചു വന്ന് മന്ത്രിയായി ഏവരുടെയും അഭിനന്ദനങ്ങള്‍ ഏറ്റു വാങ്ങി മുന്നോട്ടു പോകുന്ന മിടുക്കിയായ വീണയെ, പല തവണ പരാജയപ്പെട്ട ഷാജി കുശുമ്പുകുത്തുന്നത് കാണുമ്പോള്‍, ആ വിരോധാഭാസത്തില്‍ സ്വബോധമുള്ളവര്‍ക്ക് പ്രതികരിക്കാതിരിക്കാനാവില്ല. ഷാജിയുടെ സ്ത്രീവിരുദ്ധ മനോഭാവത്തേയും സംസ്‌കാരശൂന്യതയേയും ശക്തമായി അപലപിക്കുന്നു.

Related Articles

Back to top button