BREAKING NEWSKERALA

ക്രെഡിറ്റെടുത്താല്‍ മാത്രംപോര, വിമര്‍ശനവും നേരിടണം; കൊച്ചിയിലെ വെള്ളക്കെട്ടില്‍ കോര്‍പറേഷനെതിരേ ഹൈക്കോടതി

കൊച്ചി: തുടര്‍ച്ചയായി രണ്ട് ദിവസം പെയ്ത മഴയില്‍ കൊച്ചിയിലുണ്ടായ വെള്ളക്കെട്ടില്‍ കോര്‍പറേഷനെതിരേ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. വെള്ളക്കെട്ടില്ലാതിരിക്കുമ്പോള്‍ അതിന്റെ ക്രെഡിറ്റെടുത്താല്‍ മാത്രം പോരെന്നും വെള്ളക്കെട്ടുണ്ടാകുമ്പോള്‍ വിമര്‍ശനം നേരിടാനും കോര്‍പറേഷന്‍ തയാറാകണമെന്നും ഹൈക്കോടതി പറഞ്ഞു.
വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഇത്രയധികം പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടും ഫലപ്രദമാകാത്തതെന്തെന്ന് കോടതി ചോദിച്ചു. നഗരത്തിലെ വെള്ളക്കെട്ടിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് കോര്‍പറേഷന് ഒഴിഞ്ഞുമാറാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വെള്ളക്കെട്ടുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേ അഭിഭാഷകന്‍ ഹാജരാകാത്തതില്‍ അതൃപ്തി അറിയിച്ച കോടതി, കോര്‍പറേഷനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയായിരുന്നു.
കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന മഴയിലാണ് കൊച്ചിയിലെ പലഭാഗത്തും വെള്ളക്കെട്ടുണ്ടായത്. കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്‍ഡ്, എം.ജി റോഡ്, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങി നഗരത്തിലെ പ്രധാന ഭാഗങ്ങളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി അമിക്കസ്‌ക്യൂറി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് കൊച്ചി കോര്‍പറേഷനെതിരേ ഹൈക്കോടതി രൂക്ഷമായ വിമര്‍ശനം നടത്തിയത്.
കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കുന്നതിനായി ഇത്രയൊക്കെ ചെയ്തിട്ടും എന്തുകൊണ്ടാണ് ശാശ്വത പരിഹാരമുണ്ടാകാത്തതെന്ന് കോടതി ചോദിച്ചു. ഓപ്പറേഷന്‍ ബ്രേക്ക്ത്രൂവിന്റെ ഭാഗമായി തൊണ്ണൂറ് ശതമാനം കാനകളും വൃത്തിയാക്കിയിരുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ നടന്ന സ്ഥലങ്ങളില്‍പ്പോലും വീണ്ടും വെള്ളക്കെട്ടുണ്ടായ സാഹചര്യത്തിലാണ് കോടതിയുടെ വിമര്‍ശനം. കനാല്‍ നവീകരണമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി കോര്‍പറേഷനും ജില്ലാ ഭരണകൂടവും കോടിക്കണക്കിന് രൂപ ചെലവഴിച്ചിരുന്നു.
അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയിലെ വെള്ളക്കെട്ടില്‍ വിശദീകരണം നല്‍കാന്‍ കോര്‍പറേഷനോടും ജില്ലാ ഭരണകൂടത്തോടും ആവശ്യപ്പെട്ടിരിക്കുകയാണ് കോടതി. വ്യാഴാഴ്ച വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ ജില്ലാ കളക്ടറുടേയും കോര്‍പറേഷന്റേയും വിശദീകരണം ലഭിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. അതേസമയം, കേസ് വീണ്ടും പരിഗണിക്കുന്ന വ്യാഴാഴ്ചയാകുമ്പോഴേക്കും മഴ കുറയാന്‍ കൊച്ചി കോര്‍പറേഷന്‍ പ്രാര്‍ഥിക്കട്ടേയെന്നും ഹൈക്കോടതി പറഞ്ഞു.

Related Articles

Back to top button