BREAKING NEWSNATIONAL

മഹുവയ്ക്കെതിരെ വീണ്ടും ബിജെപി എംപി, ആരോപണം ഞെട്ടിക്കുന്നതെന്ന് ഐ.ടി മന്ത്രി; പ്രതികരിച്ച് അദാനി ഗ്രൂപ്പ്

ന്യൂഡല്‍ഹി: ലോക്സഭയില്‍ ചോദ്യം ചോദിക്കാന്‍ പശ്ചിമ ബംഗാളില്‍നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവ മൊയ്ത്ര കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി അദാനി ഗ്രൂപ്പ്. പുതിയ ആരോപണം തങ്ങളുടെ സല്‍പ്പേരും കീര്‍ത്തിയും വിപണിയിലെ സ്ഥാനവും അപകീര്‍ത്തിപ്പെടുത്താന്‍ ചില വ്യക്തികളും ഗ്രൂപ്പുകളും അധികസമയം ജോലിചെയ്യുന്നുവെന്ന തങ്ങളുടെ ആരോപണം ശരിവെക്കുന്നതാണ് എന്നായിരുന്നു അദാനി ഗ്രൂപ്പിന്റെ പ്രതികരണം. അദാനി ഗ്രൂപ്പിന്റേയും ചെയര്‍മാന്‍ ഗൗതം അദാനിയുടേയും കീര്‍ത്തിയും താത്പര്യങ്ങളും കളങ്കപ്പെടുത്താനുള്ള ശ്രമങ്ങള്‍ 2018 മുതല്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കുന്നതാണ് സംഭവമെന്നും അദാനി ഗ്രൂപ്പ് വക്താവ് വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.
മഹുവ മൊയ്ത്ര കൈക്കൂലി വാങ്ങിയെന്നാരോപിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാനായി പ്രമുഖ വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍നിന്ന് എം.പി. കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. സുപ്രീംകോടതി അഭിഭാഷകനായ ജയ് അനന്ത് ദെഹ്ദ്രായി സി.ബി.ഐയില്‍ സത്യവാങ്മൂലമായി പരാതി നല്‍കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് അദാനി ഗ്രൂപ്പ് പ്രതികരണവുമായി രംഗത്തെത്തിയത്. നേരത്തെ, അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യം താഴേയ്ക്കുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഒ.സി.സി.ആര്‍.പി. അടക്കം ചില അന്തര്‍ദേശീയ മാധ്യമങ്ങളുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്നുവെന്ന് അദാനി ഗ്രൂപ്പ് ആരോപിച്ചിരുന്നു.
അതേസമയം, മഹുവ മൊയ്ത്രയ്ക്കെതിരെ വീണ്ടും ആരോപണവുമായി നിഷികാന്ത് ദുബെ രംഗത്തെത്തി. ലോക്സഭാ വെബ്സൈറ്റിന്റെ ലോഗിന്‍ ഐ.ഡിയും പാസ്വേഡും അടക്കം ഹിരാനന്ദാനിയ്ക്കും റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ ഹിരാനന്ദാനിയ്ക്കും നല്‍കിയോയെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദുബെ ഐ.ടി. മന്ത്രി അശ്വിനി വൈഷണവിനും സഹമന്ത്രി രാജീവ് ചന്ദ്രശേഖരനും കത്ത് നല്‍കി. ദേശീയ സുരക്ഷയടക്കം ബാധിക്കുന്ന വിഷയമാണിതെന്ന് ദുബെ കത്തില്‍ ആരോപിക്കുന്നു. മഹുവയുടെ സാന്നിധ്യമില്ലാതിരുന്ന സ്ഥലങ്ങളില്‍നിന്ന് വെബ്സൈറ്റിലേക്ക് ലോഗിന്‍ ചെയ്തോയെന്നതടക്കം അന്വേഷിക്കണമെന്നും ബി.ജെ.പി. എം.പി. ആവശ്യപ്പെട്ടു.
അതിനിടെ, എം.പിക്കെതിരായ ആരോപണം സത്യമാണെങ്കില്‍ ഞെട്ടിക്കുന്നതും അപമാനകരവുമാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ എക്സില്‍ കുറിച്ചു. എം.പിയുടെ നടപടി പരിഹാസ്യവും പാര്‍ലമെന്ററി ചോദ്യങ്ങളുടെ ദുരുപയോഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ ഐ.ടി. കമ്മിറ്റിയിലേയും ഡാറ്റാ പ്രൊട്ടക്ഷന്‍ സംയുക്ത പാര്‍ലമെന്ററി സമിതിയിലേയും അംഗമാണെന്നും തന്റേത് സാധുവായ ചോദ്യമാണെന്നും രാജീവ് ചന്ദ്രശേഖരന്റെ എക്സിലെ കുറിപ്പിനു താഴെ മഹുവ മൊയ്ത്ര മറുപടി നല്‍കി. താന്‍ മറ്റുള്ളവര്‍ക്കുവേണ്ടി ചോദ്യമുന്നയിക്കുന്നുവെന്ന് ആരോപിച്ച തന്റെ ബുദ്ധിയെ അപമാനിക്കരുതെന്നും അവര്‍ വ്യക്തമാക്കി.

Related Articles

Back to top button