BREAKING NEWSNATIONAL

ഹലാല്‍ മുദ്രണം ചെയ്ത ഉത്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി യുപി

ലക്‌നൗ: ഹലാല്‍ മുദ്രണം ചെയ്ത ഉത്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍. ഉത്തര്‍പ്രദേശ് ഭക്ഷ്യ സുരക്ഷാ, ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷണര്‍ അനിതാ സിംഗ് ആണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ഹലാല്‍ ലേബല്‍ പതിച്ച ഉത്പന്നങ്ങളുടെ നിര്‍മാണം, സംഭരണം, വിതരണം, വില്‍പന എന്നിവയുടെ നിരോധനം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
‘പൊതുജനാരോഗ്യത്തിന്റെ താല്‍പ്പര്യം മുന്‍നിര്‍ത്തി, ഹലാല്‍ സാക്ഷ്യപ്പെടുത്തിയ ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം, സംഭരണം, വിതരണം, വില്‍പന എന്നിയുടെ നിരോധനം ഉത്തര്‍പ്രദേശില്‍ ഉടനടി പ്രാബല്യത്തില്‍ വരും’ ഉത്തര്‍പ്രദേശ് ഫുഡ് കമ്മീഷണറുടെ ഉത്തരവില്‍ പറയുന്നു.
2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരം പറയുന്ന അധികാരികള്‍ക്ക് മാത്രമേ ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം തീരുമാനിക്കാനുള്ള അവകാശമുള്ളൂവെന്ന് കമ്മീഷണറുടെ ഉത്തരവില്‍ പറയുന്നു. ”ഭക്ഷ്യ ഉല്‍പന്നങ്ങളുടെ ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ഒരു സമാന്തര സംവിധാനമാണ്. അത് ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ഇത് പ്രസ്തുത നിയമത്തിന്റെ അടിസ്ഥാന ഉദ്ദേശ്യത്തിന് പൂര്‍ണ്ണമായും വിരുദ്ധവും 89 പ്രകാരം ലംഘനവുമാണ്,” ഉത്തരവില്‍ പറയുന്നു.
ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം, കയറ്റുമതിക്കായി ഉല്‍പ്പാദിപ്പിക്കുന്ന ഹലാല്‍ സര്‍ട്ടിഫിക്കേഷനുള്ള സാധനങ്ങളെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വ്യാജ രേഖകള്‍ ഉപയോഗിച്ച് ഹലാല്‍ സാക്ഷ്യപ്പെടുത്തിയ ഉല്‍പ്പന്നങ്ങള്‍ വിറ്റതിന് നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ സംസ്ഥാന പോലീസ് കേസുകള്‍ ഫയല്‍ ചെയ്തതിന് പിന്നാലെയാണ് ഉത്തരവ്.

Related Articles

Back to top button