BREAKING NEWSKERALALATEST

കുറി നടത്തി പണം കണ്ടെത്തി, ചിറ്റൂരിൽ നിന്ന് യാത്ര തിരിച്ചത് 13 പേർ; മടക്കം നാലുപേരുടെ ജീവനറ്റ ശരീരവുമായി

പാലക്കാട്: കുറി നടത്തി കിട്ടിയ പണവുമായാണ് ചങ്ങാതിക്കൂട്ടം ചിറ്റൂരിൽ നിന്ന് തങ്ങളുടെ യാത്ര ആരംഭിക്കുന്നത്. 13 പേർ ഒന്നിച്ചു പുറപ്പെട്ട യാത്രയിൽ ഇനി ആ നാലു പേർ ഇല്ല. പാലക്കാട് ചിറ്റൂരിനെ ഒന്നടങ്കം വേദനയിലാക്കിക്കൊണ്ടാണ് കശ്മീരിലെ സോജില പാസിൽ നിന്നുള്ള കാർ അപകടത്തിന്റെ വാർത്ത എത്തുന്നത്. കാർ കൊക്കയിലേക്കു വീണു പാലക്കാട് ചിറ്റൂർ സ്വദേശികളായ 4 വിനോദസഞ്ചാരികളാണ് മരിച്ചത്. പരിക്കേറ്റ 3 പേരിൽ ഒരാളുടെ നില ഗുരുതരമാണ്.

ശ്രീനഗർ–ലേ ഹൈവേയിൽ ഇന്നലെ വൈകിട്ടു നാലരയോടെയുണ്ടായ അപകടത്തിൽ അനിൽ (34), സുധീഷ് (33), രാഹുൽ (28), വിഘ്നേഷ് (22) എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കളും അയൽക്കാരുമാണ് ഇവർ. മനോജ് എം.മഹാദേവ് (25), അരുൺ കെ.കറുപ്പുസ്വാമി (26), രാജേഷ് കെ.കൃഷ്ണൻ (30) എന്നിവർക്കാണു പരിക്കേറ്റത്. ഗുരുതര പരുക്കേറ്റ മനോജിനെ സൗറയിലെ എസ്‌കെഐഎംഎസ് ആശുപത്രിയിലേക്കു മാറ്റി.

ചിറ്റൂരിൽ നിന്നു 13 പേരുടെ സംഘം നവംബർ 30നാണ് ട്രെയിനിൽ പുറപ്പെട്ടത്. കശ്മീരിലേക്കായിരുന്നു യാത്ര. കഴിഞ്ഞ അഞ്ച് വർഷമായി ഇവർ യാത്രകൾ നടത്തുന്നുണ്ട്.  സോനാമാർഗിലേക്ക് രണ്ടു കാറുകളിലായാണ് സംഘം എത്തിയത്. പനിമത്ത് പാസിൽ സ്കീയിങ് നടത്തി മടങ്ങുമ്പോൾ സീറോ പോയിന്റിൽ വച്ച് ഒരു കാർ റോഡിൽ തെന്നി കൊക്കയിലേക്കു വീഴുകയായിരുന്നു. എതിരെ വന്ന വാഹനത്തിനു വഴി കൊടുക്കുമ്പോൾ നിയന്ത്രണം വിട്ടു മറിയുകയായിരുന്നെന്നാണു ബന്ധുക്കൾക്കു ലഭിച്ച വിവരം. വാഹനം പൂർണമായി തകർന്ന നിലയിലായിരുന്നു. നേരത്തേ ഡൽഹിയും ആഗ്രയും സന്ദർശിച്ച സംഘം 10നു തിരിച്ചു വരാനിരിക്കെയാണു ദുരന്തം.

മരിച്ച അനിൽ നിർമാണത്തൊഴിലാളിയാണ്. സൗമ്യ ഭാര്യയാണ്. സ്വകാര്യ ബാങ്ക് ജീവനക്കാരനാണു രാഹുൽ. ഭാര്യ നീതു. സർവേ ജോലി ചെയ്യുന്നയാളാണു സുധീഷ്. ഭാര്യ  മാലിനി. കടയിലെ ജീവനക്കാരനാണു വിഘ്നേഷ്. മൃതദേഹങ്ങൾ വൈകാതെ വിമാനമാർഗം നാട്ടിലെത്തിക്കാൻ ശ്രമം നടക്കുന്നു.

Related Articles

Back to top button