ENTERTAINMENTTAMIL

നടന്‍ മന്‍സൂര്‍ അലി ഖാന് മദ്രാസ് ഹൈക്കോടതിയുടെ വിമര്‍ശനം; പൊതുസ്ഥലത്ത് പെരുമാറാൻ പഠിക്കണം

നടി തൃഷയ്ക്ക് എതിരായ പരാമര്‍ശത്തിന് പിന്നാലെ അപകീര്‍ത്തി കേസുമായെത്തിയ നടന്‍ മന്‍സൂര്‍ അലി ഖാന് മദ്രാസ് ഹൈക്കോടതിയുടെ വിമര്‍ശനം. ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കേണ്ടത് തൃഷയാണെന്നാണ് വിമര്‍ശനം. പൊതുസ്ഥലത്ത് എങ്ങനെയാണ് പെരുമാറേണ്ടത് എന്ന് മന്‍സൂര്‍ അലി ഖാന്‍ മനസിലാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ തൃഷ കൃഷ്ണന്‍, ദേശീയ വനിതാ കമ്മീഷന്‍ അംഗം കൂടിയായ ഖുശ്ബു സുന്ദര്‍, നടന്‍ ചിരഞ്ജീവി എന്നിവര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഒരുകോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് മന്‍സൂര്‍ അലി ഖാന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. നടിക്കെതിരെയുളള ലൈംഗിക പരാമർശം വിവാദമാവുകയും പൊലീസ് കേസ് എടുക്കുകയും ചെയ്തതിന് പിന്നാലെ മൻസൂർ അലി ഖാൻ മാപ്പ് പറഞ്ഞിരുന്നു. ലിയോ സിനിമയിൽ തൃഷയുണ്ടെന്നറിഞ്ഞപ്പോള്‍ കിടപ്പറ സീനുകളും ബലാത്സംഗ രംഗങ്ങളും ഉണ്ടാകുമെന്നാണ് താൻ കരുതിയിരുന്നതെന്നാണ് മൻസൂർ അലി ഖാൻ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞത്. നടന്റെ പരാമർശത്തിനെതിരെ ചലച്ചിത്ര മേഖലയില്‍ നിന്നും രൂക്ഷ വിമര്‍ശനം ഉയര്‍ന്നു.

താൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ല എന്നും താൻ പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്തതെന്നുമായിരുന്നു തൃഷയുടെ പ്രതികരണത്തിനെതിരെ മൻസൂ‍‍ർ അലി ഖാന്റെ മറുപടി. തന്നെ വ്യക്തിഹത്യ ചെയ്യാൻ ശ്രമിച്ച തൃഷയ്ക്കെതിരെ പരാതി കൊടുക്കുമെന്നും മൻസൂർ അലി ഖാൻ പറഞ്ഞു. തു‌ടർന്ന് വനിത കമ്മീഷൻ ഇടപെടുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.

Related Articles

Back to top button