BREAKING NEWSKERALA

നിമിഷ പ്രിയയുടെ മോചനം: അമ്മ പ്രേമകുമാരിക്ക് യെമനിലേക്ക് പോകാന്‍ അനുമതി

ന്യൂഡല്‍ഹി: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിക്ക് യെമനിലേക്ക് പോകാന്‍ അനുമതി. ഡല്‍ഹി ഹൈക്കോടതിയുടേതാണ് ഉത്തരവ്. തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തോട് ഹൈക്കോടതി നിര്‍ദേശിച്ചു.
മകളെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ നല്‍കിയ ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ്. മകളുടെ ജീവന്‍ രക്ഷിക്കാന്‍ പോകാന്‍ അനുമതി തേടുമ്പോള്‍ മന്ത്രാലയം അത് തടയുന്നത് എന്തിനാണെന്ന് ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് ജസ്റ്റിസ് സുബ്രമോണിയം പ്രസാദ് ചോദിച്ചു. അതേസമയം നിമിഷ പ്രിയയുടെ അമ്മ സ്വന്തം ഉത്തരവാദിത്തത്തിലാണ് യാത്ര ചെയ്യുന്നതെന്ന് സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
യാത്രാ തീയതിയും ഇന്ത്യയിലേക്ക് മടങ്ങുന്ന തീയതിയും അറിയിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. സനയിലെ എയര്‍ലൈന്‍ സിഇഒ ആയി ജോലി ചെയ്യുന്ന ഇന്ത്യക്കാരനായ സാമുവല്‍ ജെറോമിനൊപ്പമാണ് പ്രേമകുമാരി യെമനിലേക്ക് പോകുക. പണത്തിന് പകരമായി ജീവന്‍ രക്ഷിക്കുന്ന രക്തപ്പണം നല്‍കാന്‍ കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബവുമായി ചര്‍ച്ച ചെയ്യാന്‍ ജെറോം സഹായിക്കും. യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷ പ്രിയയെ വധശിക്ഷക്ക് വിധിച്ചിരിക്കുന്നത്.

Related Articles

Back to top button