BREAKING NEWSKERALALATEST

‘മറിയക്കുട്ടി ഇപ്പോള്‍ തുള്ളുകയാണ്, എന്തിനാ ഇത്ര തുള്ളുന്നത്? പെന്‍ഷന്‍ വര്‍ധിപ്പിച്ചത് പിണറായി സര്‍ക്കാര്‍’: സജി ചെറിയാന്‍

തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരേ വിമര്‍ശനം ഉന്നയിക്കുകയും പ്രതിഷേധിക്കുകയും ചെയ്ത മറിയക്കുട്ടിയ്ക്കെതിരേ മന്ത്രി സജി ചെറിയാന്‍. മറിയക്കുട്ടിയാണ് ഇപ്പോള്‍ ഏറ്റവും വലിയ ചര്‍ച്ചയെന്നും മറിയക്കുട്ടിയ്ക്കൊന്നും തങ്ങള്‍ എതിരല്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയം പറയേണ്ട എന്നു വിചാരിച്ചാണ് തുടങ്ങിയത്. എന്നാല്‍ പ്രതിപക്ഷം എടുത്ത നിലപാടുകൊണ്ട് രാഷ്ട്രീയം പറഞ്ഞുപോകുകയാണെന്നും സജി ചെറിയാന്‍ പറഞ്ഞു. കേരളത്തില്‍ വി.എസ്. അച്യുതാനന്ദന്റെ കാലത്തു കൊടുത്തിരുന്ന 500 രൂപ പെന്‍ഷനില്‍ ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് 100 രൂപയേ വര്‍ധിപ്പിച്ചുള്ളൂ. 600 രൂപയാക്കി. മറിയക്കുട്ടി ഇപ്പോള്‍ തുള്ളുകയാണ്. എന്റെ വല്യമ്മയുടെ പ്രായം അവര്‍ക്കുണ്ട്. ഞാന്‍ അവരെ വേറെയൊന്നും പറയാന്‍ ഉദ്ദേശിക്കുന്നില്ല. എന്തിനാ ഇത്ര തുള്ളുന്നത്, സജി ചെറിയാന്‍ ചോദിച്ചു.
നിങ്ങളെ തുള്ളിക്കുന്ന, നിങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരോട് ചോദിക്കണം, 100 രൂപയല്ലേ അവരുടെ കാലത്ത് കൂട്ടിത്തന്നുള്ളൂ എന്ന് മന്ത്രി പറഞ്ഞു. ഈ മറിയക്കുട്ടി അമ്മമാരോട് സ്നേഹമുള്ള പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ക്ഷേമപെന്‍ഷന്‍ എത്രയാക്കി? 1600 രൂപയാക്കി വര്‍ധിപ്പിച്ചു, മന്ത്രി പറഞ്ഞു.
അന്ന് ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് 18 മാസത്തെ കുടിശ്ശിക ആയിരുന്നു. ഈ 18 മാസത്തെ കുടിശ്ശിക കൊടുത്തു. അതിനു ശേഷം 122-ഓ 123 മാസക്കാലം ഒരു കുടിശ്ശികയുമില്ലാതെ വീട്ടി. 60,000 കോടി രൂപ ഇവിടെ തരേണ്ടത് തരാതെ വന്നപ്പോള്‍ മൂന്നുമാസം കുടിശ്ശിക വന്നിട്ടുണ്ട്. ഞങ്ങള്‍ കുടിശ്ശിക വരുത്തിയതല്ല, ഞങ്ങള്‍ക്ക് തരാനുള്ള പണം തന്നാല്‍മതി. കേന്ദ്രസര്‍ക്കാരിന്റെ ഔദാര്യമൊന്നും ചോദിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് തരണ്ടേ പണം തരാതെ വരുമ്പോള്‍ ഉണ്ടാകുന്ന ബാധ്യത, അത് പെന്‍ഷനെ ബാധിക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തെ ബാധിക്കും. സര്‍ക്കാര്‍ ജീവനക്കാരായി പെന്‍ഷന്‍ പറ്റിയവരെ ബാധിക്കും. ജനപ്രതിനിധികളുടെ അലവന്‍സിനെ ബാധിക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങളെ ബാധിക്കും. ലൈഫ് പദ്ധതിയെ ബാധിക്കും. പുനര്‍ഗേഹം പദ്ധതിയെ ബാധിക്കും, സജി ചെറിയാന്‍ പറഞ്ഞു.

Related Articles

Back to top button