BREAKING NEWSNATIONAL

‘പട്ടിയെപ്പോലെ അടിച്ചോടിക്ക്, അവന്റെ എല്ലാം എല്ലടിച്ചോടിക്ക്’; പൊലീസിനോട് മഹാരാഷ്ട്ര മന്ത്രി

മുംബൈ: നൃത്ത പരിപാടിക്കിടെ ബഹളം വെച്ചവരുടെ എല്ല് തല്ലിയൊടിക്കാന്‍ പൊലീസിനോട് പരസ്യമായി ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ മന്ത്രി. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേന സര്‍ക്കാരിലെ ന്യൂനപക്ഷ വികസന മന്ത്രി അബ്ദുള്‍ സത്താറാണ് ജനങ്ങളെ പട്ടിയെപ്പോലെ തല്ലിയൊടിക്കാന്‍ പൊലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ മന്ത്രിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി.
ഔറംഗബാദ് ജില്ലയിലെ ഛത്രപതി സംഭാജിനഗറില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. മന്ത്രി അബ്ദുള്‍ സത്താറിന്റെ ജന്മദിനത്തോടനുബന്ധിച്ച് സില്‍ഡ് ടൗണില്‍ ഒരു നൃത്ത പരിപാടി സംഘടിപ്പിച്ചിരുന്നു. പ്രശസ്ത ലാവണി നര്‍ത്തകി ഗൗതമി പാട്ടീലിന്റെ നേതൃത്വത്തിലായിരുന്നു ഡാന്‍സ് ഷോ. വന്‍ ജനാവലിയാണ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. കാണികളുടെ ആവേശം അതിരു കടന്നതോടെ പരിപാടി തടസ്സപ്പെട്ടു. ഇതോടെയാണ് ക്ഷുപിതനായ മന്ത്രി സ്റ്റേജില്‍ കയറി മൈക്കിലൂടെ ലാത്തി ചാര്‍ജ് നടത്താന്‍ ആവശ്യപ്പെട്ടത്.
‘അവരെ പട്ടികളെപ്പോലെ തല്ലിയോടിക്ക്…വേദിയുടെ പുറകിലുള്ളവര്‍ക്ക് നേരെ ലാത്തി ചാര്‍ജ്ജ് നടത്ത്. അടികൊണ്ട് അവന്റെയൊക്കെ എല്ലൊടിയണം, ആ തരത്തില്‍ അടി പൊട്ടിക്ക്”- സ്റ്റേജില്‍ നിന്ന് മന്ത്രി മൈക്കിലൂടെ വിളിച്ചു പറഞ്ഞു. കാണികളില്‍ ചിലരോടും മന്ത്രി ദേഷ്യപ്പെട്ടു. ‘നിന്റെ അച്ഛന്‍ ഇങ്ങനൊരു പരിപാടി കണ്ടിട്ടുണ്ടോ? നീ പിശാചാണോ? മനുഷ്യപുത്രനാണോ നീ?, മിണ്ടാതെ ഇരുന്നു പ്രോഗ്രാം ആസ്വദിക്കൂ’- ആള്‍ക്കൂട്ടത്തിലെ കാഴ്ചക്കാരില്‍ ഒരാളെ നോക്കി സത്താര്‍ ആക്രോശിച്ചു.
സംഭവത്തിന്റെ വീഡിയോ വൈറലായതോടെ പ്രതിപക്ഷം രംഗത്തെത്തി. സത്താര്‍ ഉപയോഗിച്ച ഭാഷ സംസ്‌കാരത്തിന് അനുയോജ്യമാണെന്ന് മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ പ്രതിപക്ഷ നേതാവ് അംബാദാസ് ദന്‍വെ പറഞ്ഞു. മന്ത്രിയുടെ പെരുമാറ്റത്തെ ഷിന്‍ഡെ വിഭാഗവും സംസ്ഥാനം ഭരിക്കുന്ന ബിജെപിയും അംഗീകരിക്കുകയാണെന്നും ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) നേതാവ് കുറ്റപ്പെടുത്തി.

Related Articles

Back to top button