BREAKING NEWSKERALA

സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം

കൊച്ചി: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നടനും മുന്‍എംപിയുമായ സുരേഷ് ഗോപിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അറസ്റ്റു ചെയ്താല്‍ ജാമ്യത്തില്‍ വിടാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. നിലവില്‍ അറസ്റ്റിനുള്ള സാഹചര്യം ഇല്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ഹര്‍ജിയില്‍ സര്‍ക്കാരിനോട് നിലപാടറിയിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. ചോദ്യം ചെയ്യലിനു പിന്നാലെ ഗുരുതര വകുപ്പ് ചേര്‍ത്ത് എഫ്‌ഐആര്‍ പരിഷ്‌കരിച്ചതോടെയാണ് സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചത്.
കരുവന്നൂര്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ ജാഥ നയിച്ചതിനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കേസിനു കാരണമെന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ആരോപിച്ചിരുന്നത്. പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വഴി തടഞ്ഞ മാധ്യമ പ്രവര്‍ത്തകയെ മാറ്റുക മാത്രമാണ് ചെയ്തതെന്നും മോശമായി പെരുമാറിയിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. കേസില്‍ കോഴിക്കോട് നടക്കാവ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
ഒക്ടോബര്‍ 27ന് നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകയുടെ ശരീരത്തില്‍ സ്പര്‍ശിച്ച സംഭവത്തില്‍ നവംബറില്‍ സുരേഷ് ഗോപി നടക്കാവ് പൊലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു. സംഭവത്തിന്റെ വിഡിയോ ക്ലിപ്പുകള്‍ പരിശോധിച്ച പൊലീസ്, 17 മാധ്യമപ്രവര്‍ത്തകരുടെ മൊഴിയെടുത്തു. സ്വകാര്യ ഹോട്ടലിലെ ജീവനക്കാരുടെയും സെക്യൂരിറ്റി ജീവനക്കാരുടെയും മൊഴികളും രേഖപ്പെടുത്തി.

Related Articles

Back to top button