BREAKING NEWSKERALA

ലൈഫ് മിഷന്‍ കോഴക്കേസ്: എം ശിവശങ്കറിന്റെ ഇടക്കാല ജാമ്യം സ്ഥിരപ്പെടുത്തി സുപ്രീംകോടതി

ന്യൂഡല്‍ഹി: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം. ആരോഗ്യ കാരണങ്ങള്‍ കണക്കിലെടുത്താണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. നേരത്തെ നല്‍കിയ ഇടക്കാല ജാമ്യം കോടതി സ്ഥിരമാക്കുകയായിരുന്നു. കേസില്‍ സുപ്രീംകോടതിയില്‍ നിന്ന് ഇടക്കാല ജാമ്യം ലഭിച്ച ശിവശങ്കര്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് കാക്കനാട് ജില്ലാ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്.
ഇഡി രജിസ്റ്റര്‍ ചെയ്ത ലൈഫ് മിഷന്‍ കോഴ കേസില്‍ ഒന്നാം പ്രതിയായ എം ശിവശങ്കര്‍ 2023 ഫെബ്രുവരി 14 മുതല്‍ റിമാന്‍ഡിലായിരുന്നു. പിന്നീട് ആഗസ്റ്റിലാണ് ജയില്‍ മോചിതനാവുന്നത്. നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിച്ചായിരുന്നു അന്ന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. കസ്റ്റഡിയില്‍ ശസ്ത്രക്രിയ നടത്താം എന്ന ഇഡിയുടെ വാദം കോടതി തള്ളുകയായിരുന്നു. നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന് നിര്‍ദ്ദേശിച്ച് എറണാകുളം മെഡിക്കല്‍ കോളേജിലെ വിദഗ്ധര്‍ നല്‍കിയ റിപ്പോര്‍ട്ടും എം ശിവശങ്കര്‍ ഹാജരാക്കിയിരുന്നു. കേസിലെ മറ്റു പ്രതികള്‍ക്കെല്ലാം ജാമ്യം കിട്ടിയതാണെന്നും എം ശിവശങ്കറിന്റെ അഭിഭാഷകന്‍ ജയ്ദദിപ് ഗുപ്ത ചൂണ്ടിക്കാട്ടിയിരുന്നു. സാക്ഷികളെ കാണുകയോ സ്വാധീനിക്കുകയോ ചെയ്യരുതെന്ന കര്‍ശന ഉപാധിയോടെയായിരുന്നു ജാമ്യം.

Related Articles

Back to top button