BREAKING NEWSNATIONAL

ദേശീയ പതാകക്ക് പകരം ഹനുമാന്റെ ചിത്രമുള്ള പതാക ഉയര്‍ത്തിയ സംഭവം; കര്‍ണാടകത്തില്‍ പ്രതിഷേധത്തിന് നേരെ ലാത്തിവീശി

ബെംഗളൂരു: കര്‍ണാടകയിലെ മണ്ഡ്യയില്‍ ഹനുമാന്റെ ചിത്രമുള്ള പതാക ഉയര്‍ത്തിയതിനെത്തുടര്‍ന്ന് വിവാദം ശക്തം. മണ്ഡ്യയിലെ കരെഗോഡു ഗ്രാമത്തില്‍ ബിജെപി, ജെഡിഎസ്, തീവ്രഹിന്ദുസംഘടനകള്‍ എന്നിവര്‍ സംയുക്തമായി നടത്തിയ പ്രതിഷേധത്തിന് നേരെ പൊലീസ് ലാത്തിവീശി. പഞ്ചായത്ത് അനുമതി ലംഘിച്ച് ദേശീയ പതാക ഉയര്‍ത്തേണ്ട കൊടിമരത്തില്‍ ഉയര്‍ത്തിയ ഹനുമാന്‍ പതാക നീക്കിയതിനെതിരെയായിരുന്നു പ്രതിഷേധം.
ദേശീയ പതാക ഉയര്‍ത്താന്‍ അനുമതി നല്‍കിയ കൊടിമരത്തില്‍ ഹനുമാന്‍ പതാക ഉയര്‍ത്തിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. 108 അടി ഉയരമുള്ള കൊടിമരത്തില്‍ റിപ്പബ്ലിക് ദിനത്തില്‍ ദേശീയപതാക ഉയര്‍ത്താനാണ് പഞ്ചായത്ത് അനുമതി നല്‍കിയത്. എന്നാല്‍ ഒരു വിഭാഗമാളുകള്‍ ജനുവരി 19-ന് കൊടിമരത്തില്‍ ഹനുമാന്റെ ചിത്രമുള്ള പതാക കെട്ടി. ഇതിനെതിരെ ദളിത് സംഘടനകളടക്കം പഞ്ചായത്തിന് പരാതി നല്‍കി.
പഞ്ചായത്തധികൃതരും പൊലീസും ചേര്‍ന്ന് ഹനുമാന്‍ പതാക അഴിച്ച് മാറ്റി പകരം ദേശീയ പതാക കെട്ടി. ഇത് ഹിന്ദുവിരുദ്ധ നടപടിയാണെന്നാരോപിച്ച് പ്രതിഷേധം കടുപ്പിക്കാന്‍ ബിജെപി അടക്കമുള്ള പാര്‍ട്ടികളും തീവ്രഹിന്ദു സംഘടനകളും തീരുമാനിച്ചു. ഹനുമാന്‍ പതാകയേന്തി എത്തിയ ബിജെപി പ്രവര്‍ത്തകരെ അടക്കം പൊലീസ് തടഞ്ഞു. തുടര്‍ന്ന് ഉന്തും തള്ളും ലാത്തിച്ചാര്‍ജുമുണ്ടായി.
പ്രതിപക്ഷനേതാവ് ആര്‍ അശോകയെ അടക്കം പൊലീസ് കസ്റ്റഡിയിലെടുത്ത് സ്ഥലത്ത് നിന്ന് നീക്കി. സംഭവത്തില്‍ പ്രതിപക്ഷത്തിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസും സംസ്ഥാന സര്‍ക്കാരും രംഗത്തെത്തി. ദക്ഷിണ കര്‍ണാടകയില്‍ വോട്ട് ലക്ഷ്യമിട്ട് ബിജെപി ജെഡിഎസ്സുമായി ചേര്‍ന്ന് കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ കുറ്റപ്പെടുത്തി. പഞ്ചായത്ത് വക ഭൂമിയില്‍ മതപരമായ പതാകകള്‍ അനുമതിയില്ലാതെ ഉയര്‍ത്തുന്നത് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും വ്യക്തമാക്കി.

Related Articles

Back to top button