BREAKING NEWSKERALA

സിദ്ധാര്‍ത്ഥാ മാപ്പ്; സാംസ്‌കാരിക കേരളത്തെ വരിയുടയ്ക്കാന്‍ കൊണ്ടുപോകുന്ന കാളയോട് ഉപമിച്ച് കവി റഫീക്ക് അഹമ്മദ്

പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ സര്‍ക്കാരിനെതിരെ പ്രതികരിക്കാതെ വാ മൂടിയിരിക്കുന്ന കേരളത്തിലെ സാംസ്‌കാരിക നേതാക്കളെ കളിയാക്കി കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് . താന്‍ തന്നെ വരച്ച ഒരു കാര്‍ട്ടൂണ്‍ എഫ്ബിയില്‍ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ രൂക്ഷ വിമര്‍ശനം.
സാംസ്‌കാരിക കേരളത്തെ വരിയുടയ്ക്കാന്‍ കൊണ്ടുപോകുന്ന ഒരു കാളയോട് ഉപമിച്ചിരിക്കുകയാണ് റഫീക്ക് അഹമ്മദ്. കാളയെ വരിയുടയ്ക്കാന്‍ വന്ന വെറ്ററിനറി ഡോക്ടറോട് അടുത്ത് നില്‍ക്കുന്ന ഒരാള്‍ പറയുന്ന ഡയലോഗാണ് ഇതിലെ രൂക്ഷ വിമര്‍ശനം. അതിങ്ങനെയാണ്; ആവശ്യമില്ല ഡോക്ടറേ… അതിന്റെ പ്രതികരണ ശേഷി പണ്ടേ നഷ്ടപ്പെട്ടതാണ്. ഇതിലും രൂക്ഷമായി എസ്എഫ്‌ഐയെയോ ഇടത് സര്‍ക്കാരിനെയോ അവരെപ്പറ്റി ഒരക്ഷരം മിണ്ടാത്ത സാംസ്‌കാരിക നേതാക്കളെയോ വിമര്‍ശിക്കാനാവില്ലെന്ന് പറയുകയാണ് സോഷ്യല്‍ മീഡിയയിലെ ഭൂരിഭാഗം കമന്റുകളും.
സിദ്ധാര്‍ത്ഥന്റെ മരണമുണ്ടാവുകയും എസ്എഫ്‌ഐ നേതാക്കള്‍ ഉള്‍പ്പടെ പ്രതികളാവുകയും ചെയ്തിട്ട് എത്രയോ ദിനങ്ങള്‍ പിന്നിടുന്നു. ഇതുവരെ കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനെപ്പറ്റി ഒരക്ഷരം വാ തുറന്നിട്ടില്ല. മരിച്ച സിദ്ധാര്‍ത്ഥന്റെ മാതാപിതാക്കളെ കാണാനോ ആശ്വസിപ്പിക്കാനോ തയ്യാറായിട്ടില്ല എന്നത് പോട്ടെ, അത് അദ്ദേഹത്തിന്റെ ഇഷ്ടം, രണ്ട് വരി വാര്‍ത്താക്കുറിപ്പ് പോലും പുറത്തിറക്കാന്‍ മെനക്കെട്ടിട്ടില്ല കേരളത്തിന്റെ മുഖ്യന്‍ പിണറായി.
രാഷ്ട്രീയ നേതാക്കളുടേത് ഉള്‍പ്പടെ നിരവധി കമന്റുകളാണ് റഫീക്ക് അഹമ്മദിന്റെ കാര്‍ട്ടൂണിന് താഴെ വരുന്നത്. ആര്‍ജ്ജവമുള്ള ഈ നിലപാടിന്,
കേരളം പ്രതീക്ഷയോടെ നോക്കിക്കണ്ടിരുന്ന പലരും യജമാനപ്രീതിക്ക് വേണ്ടി മൗനം പാലിക്കുന്നതിന്റെ നിരാശക്കിടയിലും ഇങ്ങനെ ധീരമായി തുറന്നു പറയുന്നതിന്, പ്രിയപ്പെട്ട റഫീഖ് അഹമ്മദിന് നന്ദി എന്നാണ് മുന്‍ എംഎല്‍എ വിടി ബല്‍റാം കമന്റിട്ടത്. സര്‍ക്കാര്‍ അംഗീകാരത്തിനായി തല ചളിയുടെ മൗനത്തില്‍ പൂഴ്ത്തി വെക്കാത്ത മനസ്സിന്നുടമ എന്നാണ് ഹുസൈന്‍ തട്ടത്താഴത്ത് കുറിച്ചത്.
ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ കക്ഷി രാഷ്ട്രീയം മാറ്റിനിര്‍ത്തി പ്രതികരിക്കാന്‍ നമുക്ക് കഴിയണം എന്ന് ഓര്‍മപ്പെടുത്തുന്നു എഎം നസീം. അതില്ലാതെ പോകുന്നു എന്നതാണ് മലയാളിയുടെ പ്രശ്‌നവും. ഇപ്പോള്‍തന്നെ ഇതില്‍വന്ന കമന്റുകള്‍ വായിച്ച് നോക്കൂ, അപ്പോള്‍ അറിയാം നമ്മുടെ ബോധ്യങ്ങള്‍. നമുക്ക് എല്ലാം രാഷ്ട്രീയ ഉപകരണമാക്കുക എന്ന ഒറ്റ അറിവേ ഉള്ളൂ എന്നാണ് അദ്ദേഹം പറഞ്ഞുവെയ്ക്കുന്നത്.
ഒരാള്‍ക്കെങ്കിലും ഒരു മാപ്പ് പറയാനെങ്കിലും കഴിഞ്ഞല്ലോ, മറ്റു നായകന്മാര്‍ ഉറക്കത്തിലാണ് എന്ന് തീര്‍ത്ത് വിമര്‍ശിക്കുന്നു അബ്ബാസ്. ഈ വര ഇക്കാലത്തെ അടയാളപ്പെടുത്തുന്നത് എന്ന് പറയുന്നു മാധവന്‍. പുഴമെലിഞ്ഞു കടവൊഴിഞ്ഞു കാലവും കടന്നു പോയ്.. എന്നെഴുതിയ കലാകാരന്റെ ഈ നിലപാടിന് ഒരു പ്രത്യേകതയുണ്ട്. ഇയാളെ അടിമകളുടെ കൂട്ടത്തില്‍ കൂട്ടാന്‍ പറ്റില്ല എന്ന് അഭിപ്രായപ്പെടുന്നു ജിജോ വി തോമസ്.
പല സുഹൃത്തുക്കളുടെയും പ്രൊഫൈലില്‍ പരതി ഒരു വാക്കെങ്കിലും സിദ്ധാര്‍ത്ഥനായി പുറത്തു വരുന്നുണ്ടോ എന്ന്. അവരാരും ഈ വാര്‍ത്ത അറിഞ്ഞു കാണില്ല. ചില പ്രത്യേക വാര്‍ത്തകളില്‍ മാത്രമേ അവര്‍ക്ക് പ്രതികരണശേഷിയുള്ളു എന്ന് പറയുന്നു ശ്രുതി ഭവാനി.
ജോയ് ജോര്‍ജിന്റെ കമന്റ് ഒരു നാലുവരി കവിതയാണ്. അതിങ്ങനെയാണ്.

”മിനുത്ത തോലുള്ള കൊഴുത്ത കാള ഞാന്‍
പണ്ട് പലപ്പോഴായി ഞാന്‍ അമറുന്ന കേട്ട്
കോള്‍മയിര്‍ കൊണ്ടൊരേ,
ഇടയ്ക്ക് അതൊന്നോര്‍ത്ത് അയവിറക്കാറുണ്ട്.
വരി ഉടഞ്ഞവനെങ്കിലും
മുഴുത്ത കാള ഞാന്‍”

സിദ്ധാര്‍ത്ഥാ മാപ്പ്…..

ഭരിക്കുന്ന പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന സംഭവങ്ങളില്‍ അപൂര്‍വമായെങ്കിലും പ്രതികരിക്കുന്ന സാംസ്‌കാരിക നായകര്‍, പാര്‍ട്ടിയെ ഭയന്ന് അധികം വൈകാതെ നിലപാടില്‍ നിന്ന് പിന്നോട്ട് പോകുന്ന പുത്തന്‍, അത്യു?ഗ്രന്‍ പ്രവണതയാണ് ഇപ്പോഴത്തെ ട്രെന്റ്. അതിനൊരപമാനമാണ് റഫീക്ക് അഹമ്മദ്. ഇനിയുമിനിയും ഉയരണം ഇതുപോലുള്ള ഒറ്റപ്പെട്ട ശബ്ദങ്ങള്‍. സാംസ്‌കാരിക നായകന്‍ എന്ന് അവകാശപ്പെടുന്നവര്‍ക്ക് ചെറുതായെങ്കിലും ഒരുളിപ്പ് തോന്നട്ടേ….

Related Articles

Back to top button