BREAKING NEWSKERALA

മദ്യനയ കേസിലെ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; തിരുവനന്തപുരത്ത് വന്‍ പ്രതിഷേധവുമായി സിപിഎം

തിരുവനന്തപുരം: മദ്യനയ കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതില്‍ തിരുവനന്തപുരത്ത് സിപിഎമ്മിന്റെ വന്‍ പ്രതിഷേധം. നൂറ് കണക്കിനാളുകളെ അണിനിരത്തി പാര്‍ട്ടി പിബി അംഗം എംഎ ബേബിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള ഇഡി നടപടി കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് വിമര്‍ശിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് വരെ നീണ്ടു.
മോദിയും ബിജെപിയും ഭയപ്പാടിലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിമര്‍ശിച്ചു. അറസ്റ്റുകള്‍ ബിജെപിയെ തോല്‍പ്പിക്കാനും ജനാധിപത്യം സംരക്ഷിക്കാനുമുള്ള ജനങ്ങളുടെ ആഗ്രഹത്തെ ശക്തിപ്പെടുത്തും. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെ സിപിഐഎം ശക്തമായി അപലപിക്കുന്നു. പൊതുതെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ശേഷവും കേന്ദ്ര ഏജന്‍സികള്‍ പരസ്യമായി ബിജെപിയുടെ ചട്ടുകങ്ങളായി പ്രവര്‍ത്തിക്കുകയാണ്. ഇത്തരം ഗൂഢനീക്കങ്ങളെ ജനങ്ങള്‍ ചെറുത്ത് തോല്‍പ്പിക്കുമെന്നത് ഉറപ്പാണെന്നും യെച്ചൂരി പറഞ്ഞു.
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച ഘട്ടത്തില്‍ എതിര്‍ശബ്ദങ്ങളെ തുറുങ്കില്‍ അടയ്ക്കാനുള്ള ത്വരയുടെ ഭാഗമാണ് ഈ നടപടി. ജനാധിപത്യ പ്രക്രിയയെ ഭയപ്പെടുന്നവരുടെ ഭീരുത്വമാണ് ഇതില്‍ തെളിയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Related Articles

Back to top button