BREAKING NEWSKERALA

ആന്റോ ആന്റണിയുടെ പേര് മറയ്ക്കും; പത്തനംതിട്ടയില്‍ എല്‍.ഡി.എഫിന്റെ പരാതിയിലും നടപടി

പത്തനംതിട്ട: പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച എല്‍.ഡി.എഫിന്റെ പരാതിയില്‍ നടപടിയുമായി ജില്ലാ വരണാധികാരി കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍. ആന്റോ ആന്റണിയുടെ വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലെ പേരും ചിത്രങ്ങളും മറയ്ക്കാന്‍ ഇലക്ഷന്‍ സ്‌ക്വാഡിന് വരണാധികാരി നിര്‍ദേശം നല്‍കി. ഇതിന് ചെലവാകുന്ന തുക ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് ചെലവില്‍ വകയിരുത്തും.
മണ്ഡലത്തിലെ 63 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലെയും 20 ഫോര്‍ ജി ടവറുകളിലെയും ആന്റോ ആന്റണിയുടെ പേര് മറച്ചുവെയ്ക്കണം എന്നായിരുന്നു എല്‍.ഡി.എഫിന്റെ ആവശ്യം. ആന്റോ ആന്റണിയുടെ പേര് മറയ്ക്കാന്‍ തടസമുണ്ടെങ്കില്‍ തോമസ് ഐസക്കിന്റെ പേരുകൂടി പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന പരാതിയിലെ ആവശ്യം വരണാധികാരി തള്ളി.
നേരത്തെ കുടുംബശ്രീയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്ന യു.ഡി.എഫ്. പരാതിയില്‍ പത്തനംതിട്ടയിലെ ഇടതുസ്ഥാനാര്‍ഥിയായ തോമസ് ഐസക്കിന് ശനിയാഴ്ച വരണാധികാരി താക്കീത് നല്‍കിയിരുന്നു. ചട്ടലംഘനം ചൂണ്ടിക്കാണിച്ച് യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ വര്‍ഗീസ് മാമന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കളക്ടറുടെ നടപടി.
പന്തളം തെക്കേക്കര പഞ്ചായത്തില്‍ നടന്ന കുടുംബശ്രീ യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് വനിതാ വികസന കോര്‍പ്പറേഷന്റെ വായ്പ നല്‍കുമെന്ന് ഐസക് വാഗ്ദാനംചെയ്തെന്നും കെ. ഡിസ്‌കിന്റെ സൗകര്യങ്ങള്‍ പ്രചാരണത്തിന് ഉപയോഗിച്ചെന്നുമായിരുന്നു പരാതി. ഇതില്‍ കളക്ടര്‍ ഐസക്കില്‍നിന്ന് വിശദീകരണം തേടിയിരുന്നു. കുടുംബശ്രീ യോഗത്തില്‍ വോട്ട് ചോദിക്കുന്നതില്‍ തെറ്റില്ല എന്നായിരുന്നു ഐസക്കിന്റെ മറുപടി.
കളക്ടറുടെ അന്വേഷണത്തില്‍ കുടുംബശ്രീ യോഗത്തില്‍ ചട്ടലംഘനം നടന്നതായി ബോധ്യപ്പെട്ടിരുന്നു. അതേസമയം, പറപ്പെട്ടിയില്‍ നടന്നത് സി.ഡി.എസ്. വിളിച്ച കുടുംബശ്രീ യോഗമാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് തോമസ് ഐസക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തന്നെ അവിടെ കൊണ്ടുപോയ പ്രവര്‍ത്തകരുടെ വീഴ്ചയാണതെന്നും ഇനി ഇത്തരം സംഭവങ്ങളുണ്ടാകില്ലെന്നും ഐസക് പറഞ്ഞിരുന്നു.
താക്കീത് അംഗീകരിക്കുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് പത്തനംതിട്ടയിലെ എല്‍.ഡി.എഫ്. നേതൃത്വം ആന്റോ ആന്റണിക്കെതിരെയും പരാതിയുമായി രംഗത്തെത്തിയത്. ഈ പരാതിയിലാണ് വരണാധികാരി ഇപ്പോള്‍ നടപടി എടുത്തിരിക്കുന്നത്.

Related Articles

Back to top button