BREAKING NEWSKERALAWORLD

പ്രത്യാശയുടെ സന്ദേശം പകര്‍ന്ന് ഈസ്റ്റര്‍, ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന

പ്രത്യാശയുടെ സന്ദേശം പകര്‍ന്ന് ക്രൈസ്തവ വിശ്വാസികള്‍ക്ക് ഇന്ന് ഈസ്റ്റര്‍ ആഘോഷം. പീഡാനുഭവങ്ങള്‍ക്കും കുരിശുമരണത്തിനും ശേഷം യേശു ഉയര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മ പുതുക്കി ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഉയിര്‍പ്പ് പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ദുഖ വെള്ളിയാഴ്ചയിലെ പ്രദക്ഷിണത്തില്‍ നിന്നും മാര്‍പ്പാപ്പ വിട്ടുനിന്നിരുന്നു. ഈസ്റ്റര്‍ ശുശ്രൂഷകള്‍ക്കായി വീല്‍ ചെയ്‌റിലാണ് മാര്‍പ്പാപ്പ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ എത്തിയത്. ഒരു മണിക്കൂറോളം നീണ്ട ചടങ്ങില്‍ പങ്കെടുത്ത അദ്ദേഹം 10 മിനുട്ട് ഈസ്റ്റര്‍ സന്ദേശവും നല്‍കി. ശക്തമായ വിശ്വാസത്തിന് ജീവിതത്തിലെ ഒരു സന്തോഷത്തേയും തച്ചുടയ്ക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു
രാഷ്ട്രപതി ദ്രൗപതി മുര്‍മു വിശ്വാസികള്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. ഉയര്‍ത്ത് എഴുന്നല്‍പ്പിന്റെ ഓര്‍മ്മയില്‍ ക്രൈസ്തവ ആരാധനാലയങ്ങള്‍. ഇന്നലെ വൈകുന്നേരം തുടങ്ങിയ പ്രാര്‍ത്ഥനകളും ശുശ്രൂഷകളും നേരം പുലരും വരെ തുടര്‍ന്നു. കോതമംഗലം രൂപതക്ക് കീഴിലെ ആരക്കുഴ സെന്റ് മേരീസ് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ ദൈവാലയത്തില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ തിരുവനന്തപുരം പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ ഉയിര്‍പ്പ് ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിച്ചു. സുശ്രൂശകളിലും വിശുദ്ധ കുര്‍ബാനകളിലും നിരവധി വിശ്വാസികളാണ് പങ്കെടുത്തത്. പട്ടം സെന്റ് മേരിസ് പള്ളിയില്‍ കര്‍ദിനാള്‍ ക്ലിമിസ് ബാവ നേതൃത്വം നല്‍കി.
ബറോഡ മാര്‍ ഗ്രിഗോറിയോസ് വലിയപള്ളിയില്‍ ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ നേതൃത്വം നല്‍കിയത്. ഒട്ടേറെ വിശ്വാസികള്‍ പ്രാര്‍ത്ഥനകളുടെ ഭാഗമായി. കോട്ടയം നിലയ്ക്കല്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ കോട്ടയം ഭദ്രാസനാധിപന്‍ യുഹനോന്‍ മാര്‍ ദിയസ്‌കോറസ് പ്രാര്‍ത്ഥനകള്‍ക്ക് കാര്‍മികത്വം വഹിച്ചു. ദുബായ് മാര്‍ത്തോമ്മാ പള്ളിയില്‍ മാര്‍ത്തോമ സഭ അധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലിത്ത ഈസ്റ്റര്‍ ദിന ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
എറണാകുളം കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസും എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലും ഉയിര്‍പ്പ് ശുശ്രൂഷകളില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. സി എസ് ഐ സഭയുടെ കീഴിലെ വിവിധ ദേവാലയങ്ങളിലും ഈസ്റ്റര്‍ പ്രാര്‍ഥനകള്‍ നടന്നു. കോട്ടയം ഇരുമാപ്ര സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ ഇടവക വികാരി റവറന്റ് റോയ്‌മോന്‍ പി.ജെ. ആരാധനയ്ക്ക് നേതൃത്വം നല്‍കി.
വന്യ ജീവി ശല്യത്തെ തുടര്‍ന്ന് മാനന്തവാടി രൂപതക്ക് കീഴിലുള്ള പള്ളികളില്‍ പാതിരാ കുര്‍ബാന നേരത്തെ നടന്നു. പുലര്‍ച്ചെ 5 വരെ നടക്കുന്ന ചടങ്ങുകള്‍ രാത്രി 10 മണിക്ക് അവസാനിപ്പിക്കുകയായിരുന്നു.കഴിഞ്ഞ ക്രിസ്തുമസിനും മേഖലയില്‍ പാതിരാ കുര്‍ബാന നേരത്തെയാക്കിയിരുന്നു.ഒമാനിലെ ദേവാലയങ്ങളിലും പ്രത്യേക ശുശ്രൂഷകളും പ്രാര്‍ത്ഥനകളും നടന്നു.ഗാലാ സെന്റ് മേരീസ് ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് തുന്പമണ്‍ ഭദ്രാസനാധിപന്‍ മാര്‍ സെറാഫിം എബ്രഹാം നേതൃത്വം നല്‍കി. മസ്‌കറ്റ് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ മുംബൈ ഭദ്രാസനാധിപന്‍ മാര്‍ കൂറിലോസ് ഗിവര്‍ഗീസ് മെത്രാപ്പോലീത്ത ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. മസ്‌ക്കറ്റ് മര്‍ത്ത ശ്മൂനി യാക്കോബായ ദേവാലയത്തിലും മസ്‌ക്കറ്റ് സെന്റ് മേരീസ് യാക്കോബായ ഇടവകയിലും
ഉയിര്‍പ്പ് ശുശ്രൂഷകള്‍ നടന്നു.

Related Articles

Back to top button