BREAKING NEWSWORLD

‘വില്‍ യൂ മാരി മീ?’ വിമാനത്തില്‍ സര്‍പ്രൈസ്, ഫ്‌ലൈറ്റ് അറ്റന്‍ഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്

വിമാനങ്ങളില്‍ നിന്നുള്ള പലതരം വീഡിയോകളും നിങ്ങള്‍ കണ്ടിട്ടുണ്ടാകും. അതില്‍ യാത്രക്കാരായുണ്ടാക്കുന്ന പ്രശ്‌നങ്ങളുണ്ടാകാം. മനോഹരമായ ചില നിമിഷങ്ങളുണ്ടാകാം. അങ്ങനെ പലതും ഉണ്ടാവാം. എന്നാല്‍, എല്ലാത്തില്‍ നിന്നും മനോഹരമായത് എന്ന് തോന്നിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ LOT Polish Airlines തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരിക്കുന്നത്.
വിമാനത്തിന്റെ പൈലറ്റ്, ഫ്‌ലൈറ്റ് അറ്റന്‍ഡന്റായ തന്റെ കാമുകിയോട് വിവാഹാഭ്യാര്‍ത്ഥന നടത്തുന്ന വൈകാരിക ദൃശ്യങ്ങളാണ് അത്. ക്യാപ്റ്റന്‍ കോണ്‍റാഡ് ഹാങ്കാണ് തന്റെ കാമുകിയോട് നിറയെ യാത്രക്കാരെ സാക്ഷിയാക്കി തന്നെ വിവാഹം കഴിക്കാന്‍ സമ്മതമാണോ എന്ന് ചോദിച്ചത്. വീഡിയോയില്‍ ക്യാപ്റ്റന്‍ കോക്പിറ്റില്‍ നിന്നും ഇറങ്ങി വരുന്നതും പിഎ സിസ്റ്റം വഴി സ്വയം പരിചയപ്പെടുത്തുന്നതും കാണാം. പിന്നീട് അദ്ദേഹം തന്റെ പ്രണയകഥ പറയുകയാണ്. വളരെ വൈകാരികമായിട്ടാണ് അയാള്‍ സംസാരിക്കുന്നത്.
‘ഇന്നത്തെ ഈ വിമാനത്തില്‍ വളരെ പ്രത്യേകതയുള്ള ഒരു വ്യക്തിയുണ്ട്, അവള്‍ ഇതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് തനിക്കറിയാം. ഏകദേശം ഒന്നര വര്‍ഷം മുമ്പാണ് എന്റെ ജീവിതത്തെ പൂര്‍ണ്ണമായും മാറ്റിമറിച്ച ആ ഏറ്റവും മികച്ച വ്യക്തിയെ താന്‍ കണ്ടുമുട്ടിയത്’ എന്നാണ് അദ്ദേഹം പറയുന്നത്. ‘നീയെനിക്ക് വളരെ പ്രിയപ്പെട്ട ആളാണ്, എന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായതാണ്, അതുകൊണ്ടു തന്നെ ഹണീ, ഞാനിത് ചോദിക്കാന്‍ പോവുകയാണ്, നീ എന്നെ വിവാഹം കഴിക്കുമോ’ എന്നാണ് ക്യാപ്റ്റന്‍ ചോദിക്കുന്നത്.
ആ സമയത്ത് അദ്ദേഹത്തിന്റെ കാമുകിയായ ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് ഓടിവന്ന് അദ്ദേഹത്തെ കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതും കാണാം. പിന്നീട്, തനിക്ക് വിവാഹത്തിന് സമ്മതമാണ് എന്നും അവള്‍ പറയുന്നു. അദ്ദേഹം അവളെ മോതിരമണിയിക്കുന്നതും വീഡിയോയില്‍ കാണാം. യാത്രക്കാരെല്ലാം കയ്യടിച്ച് ഇരുവര്‍ക്കും അഭിനന്ദനം അറിയിക്കുന്നുണ്ട്.
വൈകാരികവും പ്രണയാര്‍ദ്രവുമായ ഈ വീഡിയോ നിരവധിപ്പേരാണ് കണ്ടത്. ഒരുപാട് പേരാണ് കമന്റുകളിലൂടെ ക്യാപ്റ്റനും കാമുകിക്കും തങ്ങളുടെ ആശംസകള്‍ അറിയിച്ചത്.

Related Articles

Back to top button