BREAKING NEWSNATIONAL

അറസ്റ്റിനെ എതിര്‍ത്തുള്ള കെജ്രിവാളിന്റെ ഹര്‍ജി നാളെ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: മദ്യനയ കേസിലെ ഇ.ഡി. അറസ്റ്റിനെ ചോദ്യംചെയ്തുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും.
ജസ്റ്റിസ് സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് കേസ് കേള്‍ക്കുന്നത്. വിഷയം ഏപ്രില്‍ 29-ന് തുടങ്ങുന്ന വാരത്തില്‍ പരിഗണിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും മേയ് ആറിനാണ് ലിസ്റ്റുചെയ്തതെന്ന് വെള്ളിയാഴ്ച കെജ്രിവാളിന്റെ അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് കേസ് തിങ്കളാഴ്ചത്തേക്ക് ലിസ്റ്റ് ചെയ്യപ്പെട്ടത്.
അതിനിടെ, തന്റെ അറസ്റ്റ് പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ കേന്ദ്രം ഇ.ഡി.യെ ഉപയോഗിക്കുന്നതിന്റെ ഉദാഹരണമാണെന്നാരോപിച്ച് കെജ്രിവാള്‍ സുപ്രീംകോടതിയില്‍ പുതിയ അപേക്ഷ നല്‍കി. ബി.ജെ.പി.യുടെ വലിയ രാഷ്ട്രീയ എതിരാളികളായ ആം ആദ്മി പാര്‍ട്ടിക്കും നേതാക്കള്‍ക്കും നേരേ കേന്ദ്രം അധികാരം ദുരുപയോഗിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെയുള്ള അറസ്റ്റ് സ്വതന്ത്രമായ തിരഞ്ഞെടുപ്പിനു വിരുദ്ധമാണ്. നിയമവിരുദ്ധമായ അറസ്റ്റ് തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്കുമേല്‍ ഭരണകക്ഷിക്ക് മേല്‍ക്കൈ നല്‍കുന്നതാണെന്നും കെജ്രിവാള്‍ അപേക്ഷയില്‍ പറഞ്ഞു.
തെളിവുകളൊന്നുമില്ലാതെ, സമന്‍സിന് ഹാജരായില്ല എന്നതിന്റെ പേരില്‍മാത്രം അറസ്റ്റ് ചെയ്യേണ്ട ആവശ്യമില്ലായിരുന്നെന്നും ഇ.ഡി. നീക്കം നിയമവിരുദ്ധമായിരുന്നെന്നുമാണ് കെജ്രിവാളിന്റെ വാദം. മദ്യനയക്കേസിന്റെ സൂത്രധാരന്‍ കെജ്രിവാളാണെന്നാരോപിച്ച് ഇ.ഡി. കഴിഞ്ഞദിവസം കോടതിയില്‍ എതിര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

Related Articles

Back to top button