BREAKING NEWSWORLD

പറന്നുയര്‍ന്ന് അര മണിക്കൂര്‍, വിമാനത്തില്‍ നിന്ന് വന്‍ ശബ്ദവും കുലുക്കവും; ഇളകിത്തെറിച്ചത് എമര്‍ജന്‍സി എക്‌സിറ്റ് സ്ലൈഡ്

ന്യൂയോര്‍ക്ക്: പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ വിമാനത്തിലെ എമര്‍ജന്‍സി എക്‌സിറ്റ് സ്ലൈഡ് ഇളകിവീണു. തുടര്‍ന്ന് മിനിറ്റുകള്‍ക്കകം അടിയന്തിരമായി തിരിച്ചിറക്കി. യാത്രക്കാരും ജീവനക്കാരും പൂര്‍ണ സുരക്ഷിതരെന്ന് കമ്പനി അറിയിച്ചിട്ടുണ്ടെങ്കിലും സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. വെള്ളിയാഴ്ച അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റിയിലുള്ള ജോണ്‍ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.
ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ ബോയിങ് 767 വിമാനത്തില്‍ നിന്നാണ് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം എമര്‍ജന്‍സി എക്‌സിറ്റ് സ്ലൈഡ് ഇളകി വീണതെന്ന് അമേരിക്കന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. അടിയന്തിര സാഹചര്യങ്ങളില്‍ എമര്‍ജന്‍സി എക്‌സിറ്റുകളിലൂടെ യാത്രക്കാരെ പുറത്തേക്ക് ഇറക്കേണ്ടി വരുമ്പോള്‍ വിമാനത്തില്‍ നിന്ന് താഴേക്ക് ഇറങ്ങാന്‍ വേണ്ടിയുള്ള സംവിധാനമാണ് എമര്‍ജന്‍സി എക്‌സിറ്റ് ഡ്‌ലൈഡുകള്‍. ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനം സുരക്ഷിതമായി ലാന്റ് ചെയ്ത ശേഷം നടത്തിയ പരിശോധനയിലാണ് എമര്‍ജന്‍സി എക്‌സിറ്റ് സ്ലൈഡ് വിമാനത്തില്‍ നിന്ന് വേര്‍പ്പെട്ടുപോയെന്ന് മനസിലായതെന്ന് കമ്പനി വക്താവ് വെള്ളിയാഴ്ച നല്‍കിയ പ്രസ്താവനയില്‍ അറിയിച്ചു.
ന്യൂയോര്‍ക്കില്‍ നിന്ന് ലോസ് എയ്ഞ്ചലസിലേക്കുള്ള വിമാനം പറന്നുപൊങ്ങി മിനിറ്റുകള്‍ക്കകം തന്നെ കുലുക്കം അനുഭവപ്പെട്ടതായി ജീവനക്കാര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രാവിലെ 8.35ന് ജോണ്‍ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തന്നെ തിരിച്ചിറക്കുകയായിരുന്നുവെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. 33 മിനിറ്റുകളാണ് വിമാനം പറന്നത്. എമര്‍ജന്‍സി ലാന്റിങ് വേണ്ടിവന്ന സാഹചര്യത്തെക്കുറിച്ച് പരിശോധിക്കുമെന്നും എഫ്.എ.എ അറിയിച്ചിട്ടുണ്ട്. കമ്പനി അന്വേഷണവുമായി പൂര്‍ണാര്‍ത്ഥത്തില്‍ സഹകരിക്കുകയാണെന്ന് ഡെല്‍റ്റ എയര്‍ലൈന്‍ വക്താവും പറഞ്ഞു.
വിമാനത്തില്‍ നിന്ന് ഉച്ചത്തിലുള്ള ശബ്ദമുണ്ടായെന്ന് ഒരു യാത്രക്കാരനെ ഉദ്ധരിച്ച് മാധ്യമ റിപ്പോര്‍ട്ടുകള്‍ വിശദീകരിക്കുന്നുണ്ട്. ഈ ശബ്ദം കാരണം വിമാനത്തിലെ അനൗണ്‍സ്‌മെന്റുകള്‍ പോലും നേരാംവണ്ണം കേള്‍ക്കാന്‍ കഴിഞ്ഞില്ലെന്നും പരിഭ്രമിച്ചു പോയി നിമിഷങ്ങളായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button