BREAKING NEWSNATIONAL

പ്രജ്വല്‍ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു, ദൃശ്യം പകര്‍ത്തി’; പ്രജ്വലിനെതിരെഗുരുതര ആരോപണങ്ങളുമായി യുവതിയുടെ പരാതി

ബെംഗളൂരു: ലൈംഗികാതിക്രമ കേസില്‍ ഹാസനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ജെഡിഎസ് സിറ്റിംഗ് എംപിയുമായ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെയുള്ള രണ്ടാമത്തെ കേസില്‍ ഉള്ളത് ഗുരുതരമായ ആരോപണങ്ങള്‍. ‘പ്രജ്വല്‍ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു, ദൃശ്യം പകര്‍ത്തി’യെന്നാണ് പരാതിയില്‍ പറയുന്നത്. ജെഡിഎസ് പ്രാദേശിക നേതാവായ യുവതിയാണ് പരാതി നല്‍കിയത്.
പ്രജ്വല്‍ തോക്ക് ചൂണ്ടി പീഡിപ്പിച്ചു. 3 വര്‍ഷത്തോളം പല തവണ പീഡിപ്പിച്ചെന്ന് യുവതി പരാതിയില്‍ പറയുന്നുണ്ട്. ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. അത് പുറത്ത് വിടുമെന്ന് പറഞ്ഞ് 3 വര്‍ഷത്തോളം പീഡനം തുടര്‍ന്നു. 2021 മുതല്‍ പീഡനം തുടരുകയായിരുന്നെന്നും പരാതി നല്‍കാന്‍ പേടിയായിരുന്നുവെന്നും യുവതി പറയുന്നു. തന്റെ അമ്മ ഭവാനിക്ക് എംഎല്‍എ ആയി മത്സരിക്കാന്‍ അവസരം നഷ്ടമായത് ഭര്‍ത്താവ് കാരണമാണെന്നും പറയുന്നത് കേട്ട് ജീവിച്ചാല്‍ ഭര്‍ത്താവിനെ കൊല്ലില്ല എന്ന് പ്രജ്വല്‍ പറഞ്ഞതായും യുവതി പറഞ്ഞു. ഹാസനിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഒന്നില്‍ ആണ് യുവതി ജോലി ചെയ്യുന്നത്.
അതേസമയം, പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരിക്കുകയാണ്. ലൈംഗികാതിക്രമക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. രാജ്യത്തെ വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, ഇമിഗ്രേഷന്‍ പോയന്റുകള്‍ എന്നിവിടങ്ങളിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. വിദേശത്തേക്ക് പോയ പ്രജ്വല്‍ ഈ സ്ഥലങ്ങളിലിറങ്ങിയാല്‍ കസ്റ്റഡിയിലെടുക്കാനാണ് ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചത്. പ്രജ്വല്‍ രേവണ്ണ നാലാം ഘട്ട തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞേ വിദേശത്ത് നിന്നും തിരികെയെത്തുകയുളളുവെന്നാണ് വിവരം. തിരിച്ചെത്താന്‍ ടിക്കറ്റ് ബുക്ക് ചെയ്തെന്നും സൂചനയുണ്ട്.
അതേ സമയം, ലൈംഗികാതിക്രമ പരാതിയില്‍ പ്രജ്വല്‍ രേവണ്ണയ്ക്കും പിതാവ് എംഎല്‍എ രേവണ്ണയ്ക്കും പ്രത്യേകാന്വേഷണസംഘം സമന്‍സയച്ചിട്ടുണ്ട്. ഹൊലെനരസിപുര സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ട ലൈംഗികപീഡനപ്പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രജ്വല്‍ രേവണ്ണയ്ക്കും അച്ഛന്‍ രേവണ്ണയ്ക്കും പ്രത്യേകാന്വേഷസംഘം സമന്‍സയച്ചിരിക്കുന്നത്. എത്രയും പെട്ടെന്ന് നേരിട്ട് ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാനത്ത് പ്രചരിച്ച ആയിരക്കണക്കിന് അശ്ലീല വീഡിയോകളില്‍ വിശദീകരണം നല്‍കണമെന്നും സമന്‍സില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫ്രാങ്ക്ഫര്‍ട്ടിലേക്ക് പോയ പ്രജ്വലിനെ തിരിച്ചെത്തിക്കുന്നത് എങ്ങനെ എന്നതില്‍ നിയമോപദേശം തേടി വിദേശകാര്യമന്ത്രാലയത്തെ ബന്ധപ്പെടാനൊരുങ്ങുകയാണ് എഡിജിപി ബികെ സിംഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണസംഘം. ഫ്രാങ്ക്ഫര്‍ട്ടില്‍ വിമാനമിറങ്ങിയെന്നല്ലാതെ അവിടെ നിന്ന് പ്രജ്വല്‍ എങ്ങോട്ട് പോയി എന്നതടക്കമുള്ള കാര്യത്തില്‍ ഇത് വരെ പൊലീസിന് ഒരു വിവരവുമില്ല.

Related Articles

Back to top button