BREAKING NEWSKERALA

ശബരിമല തീര്‍ഥാടനം; സ്‌പോട്ട് ബുക്കിങ് ഒഴിവാക്കും, ഇനി ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തിരുവനന്തപുരം: ശബരിമല തീര്‍ഥാടനകാലത്തെ സ്പോട്ട് ബുക്കിങ് ഒഴിവാക്കാന്‍ ദേവസ്വം ബോഡ് തീരുമാനം. പകരം ഓണ്‍ലൈന്‍ ബുക്കിങ് മാത്രമേ ഉണ്ടാവുകയുള്ളൂ. വെര്‍ച്വല്‍ക്യൂ വഴി ഒരുദിവസം എണ്‍പതിനായിരം തീര്‍ഥാടകരെമാത്രം സന്നിധാനത്ത് പ്രവേശിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. കഴിഞ്ഞ തീര്‍ഥാടനക്കാലത്ത് നിയന്ത്രണം പാളിയ സാഹചര്യത്തിലാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ക്രമീകരണം. വെര്‍ച്വല്‍ ക്യൂവില്‍ ബുക്കുചെയ്തെത്തുന്ന ഭക്തര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതും പരിഗണനയിലാണ്.ഇത് സംബന്ധിച്ച് കഴിഞ്ഞ മാസം തന്നെ ദേവസ്വം ബോര്‍ഡ് തീരുമാനമെടുത്തിരുന്നുവെങ്കിലും ശനിയാഴ്ച ഇതിന്‍മേല്‍ ബന്ധപ്പെട്ടവര്‍ അവലോകനം നടത്തി.
അയ്യപ്പദര്‍ശനം സുഗമമാക്കാന്‍ ദേവസ്വം വിജിലന്‍സ് എസ്.പി.യുടെ മേല്‍നോട്ടത്തില്‍ മാര്‍ഗരേഖയും തയ്യാറാക്കും. ഇതരസംസ്ഥാനക്കാരെ ശബരിമലയില്‍ ദിവസവേതനക്കാരായി നിയമിക്കേണ്ടെന്നതാണ് മറ്റൊരു തീരുമാനം. നിലയ്ക്കലും പമ്പയിലും ഉള്‍പ്പെടെ പത്തിലേറെസ്ഥലങ്ങളില്‍ ഉണ്ടായിരുന്ന സ്പോട്ട് ബുക്കിങ് ആണ് വേണ്ടെന്നുവെക്കുന്നത്.
ശബരിമലയിലും പമ്പയിലും അയ്യപ്പസേവാസംഘം ഉള്‍പ്പെടെയുള്ള യൂണിഫോം സംഘടനകളുടെ പ്രവര്‍ത്തനം അനുവദിക്കില്ല. പകരം ദേവസ്വം ചുമതലപ്പെടുത്തുന്ന 5000 പേര്‍ക്ക് യൂണിഫോം നല്‍കും. സന്നിധാനത്ത് ഡോക്ടര്‍മാര്‍ സേവനമായി നടത്തുന്ന സഹാസ് ആശുപത്രി, പമ്പയിലെ അമൃത ആശുപത്രി, പഴയ പോലീസ് സ്റ്റേഷന്‍ കെട്ടിടം എന്നിവ ഒഴിപ്പിക്കും. ആരോഗ്യമേഖലയില്‍ സര്‍ക്കാര്‍ സൗകര്യം മെച്ചപ്പെട്ടെന്നാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍.
അടുത്ത തീര്‍ഥാടന ഒരുക്കം ചര്‍ച്ചചെയ്യാന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തിലായിരുന്നു ഈ തീരുമാനങ്ങള്‍. അംഗങ്ങളായ ജി. സുന്ദരേശന്‍, എ. അജികുമാര്‍, സെക്രട്ടറി ജി. ബൈജു, ചീഫ് എന്‍ജിനിയര്‍ ആര്‍. അജിത്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button