2008ലെ മുംബൈ ഭീകരാക്രമണത്തില്‍ താജ് ഹോട്ടലിന്റെ ഒരു ഭാഗം കത്തിയമര്‍ന്നു. കനത്ത നാശനഷ്ടമുണ്ടായി. ആക്രമണംനടന്ന ദിവസത്തിനുശേഷം നവംബര്‍ 29-നാണ് രത്തന്‍ ടാറ്റ, അന്നത്തെ ഇന്ത്യന്‍ ഹോട്ടല്‍സ് വൈസ് ചെയര്‍മാന്‍ ആര്‍.കെ. കൃഷ്ണകുമാറിനൊപ്പം വീണ്ടും താജ് ഹോട്ടല്‍ സന്ദര്‍ശിക്കുന്നത്. പതിനഞ്ചോളം ജീവനക്കാര്‍ കൊല്ലപ്പെട്ടിരുന്നു. മൂന്നുപേര്‍ ഗുരുതരാവസ്ഥയിലുമായിരുന്നു. താജിന്റെ അവസ്ഥയിലുള്ള വേദന രത്തന്‍ ടാറ്റയുടെ മുഖത്തുനിന്ന് വായിച്ചെടുക്കാമായിരുന്നു. ഭീകരാക്രമണത്തിനെതിരേയുള്ള നിത്യസ്മാരകമാക്കി താജിനെ പുനരുജ്ജീവിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ആക്രമണംനടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ രത്തന്‍ ടാറ്റ ഹോട്ടല്‍ സന്ദര്‍ശിക്കുകയും ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അടിയന്തരസഹായം നല്‍കുന്നതിനായി ഒരു ക്രൈസിസ് മാനേജ്മെന്റ് ടീമും രൂപവത്കരിച്ചു. പരിക്കേറ്റവര്‍ക്കുള്ള വൈദ്യസഹായം, ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും താത്കാലിക പാര്‍പ്പിടം, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക നഷ്ടപരിഹാരം എന്നിവ തടസ്സംകൂടാതെ നടന്നു.
കൊല്ലപ്പെട്ട ജീവനക്കാരുടെ കുടുംബാംഗങ്ങളോട് സ്വന്തം കുടുംബാംഗങ്ങളോടെന്നപോലെ അദ്ദേഹം പെരുമാറി. അവരുടെ പുനരുജ്ജീവനത്തിനുവേണ്ട എല്ലാ സഹായവും നല്‍കി. അതിജീവിച്ചവരെയും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെയും പിന്നീട് സന്ദര്‍ശിച്ചു, വൈകാരികവും സാമ്പത്തികവുമായ പിന്തുണയും നല്‍കി. അദ്ദേഹത്തിന്റെ സമീപനം അതുല്യമായിരുന്നു. മനുഷ്യജീവിതത്തിന്റെ അന്തസ്സ്, കോര്‍പ്പറേറ്റ് ഉത്തരവാദിത്വം, സഹാനുഭൂതി എന്നിവയിലുള്ള അചഞ്ചലമായ വിശ്വാസത്തിന്റെ തെളിവായിരുന്നു അതെല്ലാം.
പെന്‍ഷന്‍, മരിച്ചവരുടെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍, അതിജീവിച്ച കുടുംബാംഗങ്ങള്‍ക്ക് ഇതര തൊഴില്‍നേടുന്നതിനുള്ള സഹായം എന്നിങ്ങനെ കുടുംബങ്ങള്‍ക്ക് തുടര്‍ച്ചയായ പിന്തുണലഭിച്ചു. അറ്റകുറ്റപ്പണികള്‍ക്കായി ഹോട്ടല്‍ അടച്ചതിന്റെപേരില്‍ താജിലെ ഒരു ജീവനക്കാരനെയും പിരിച്ചുവിട്ടില്ല. നവീകരണത്തിലായിരുന്ന കാലയളവില്‍ എല്ലാ ജീവനക്കാര്‍ക്കും ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു.
73 1 minute read