തിരുവനന്തപുരം: വിമാനയാത്ര തടസ്സപ്പെടുമ്പോള്‍ യാത്രികരില്‍ നിന്ന് മാനസിക പീഡനവും ശാരീരിക ഉപദ്രവവും ഉണ്ടാകാറുണ്ടെന്ന് ശരിവച്ച് എയര്‍ലൈന്‍, എയര്‍പോര്‍ട്ട് ജീവനക്കാര്‍. സാങ്കേതിക, പ്രതികൂല കാലാവസ്ഥ ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ വിമാനം വൈകുകയോ സര്‍വീസ് തടസ്സപ്പെടുകയോ ചെയ്യുന്ന അവസരങ്ങളില്‍ യാത്രക്കാരില്‍ നിന്ന് ഭീഷണിയോ ആക്രോശമോ ശാരീരിക ആക്രമണമോ സംഭവിക്കാറുണ്ടെന്നാണ് 72% ജീവനക്കാരും പറയുന്നത്. യാത്രക്കാരെ രോഷത്തിലോ നിരാശയിലോ കാണുന്നുവെന്ന് 73% പേര്‍ അഭിപ്രായപ്പെടുന്നു. യാത്ര തടസ്സപ്പെടുമ്പോള്‍ ജീവനക്കാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്നുവെന്നാണ് ഈ കണക്കുകള്‍ കാണിക്കുന്നത്.
ട്രാവല്‍ ടെക്‌നോളജി മേഖലയിലെ പ്രമുഖരായ ഐബിഎസ് സോഫ്റ്റ് വെയറും ഏവിയേഷന്‍ ബിസിനസ് ന്യൂസും നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്.ഇത്തരം സംഭവങ്ങള്‍ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതായി വ്യോമയാന മേഖലയിലെ 55% ജീവനക്കാര്‍ അഭിപ്രായപ്പെട്ടു. ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ പകല്‍ സമയത്ത് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ അലട്ടുന്നതിനാല്‍ തൊഴില്‍-ജീവിത സന്തുലിതാവസ്ഥയെ ബാധിക്കുന്നുവെന്ന് 47% പേര്‍ പ്രതികരിച്ചു.മൂന്നാഴ്ചയ്ക്കിടെയാണ് സര്‍വേ നടത്തിയത്. പ്രതികരിച്ചവരില്‍ 95 ശതമാനവും വ്യോാമയാന മേഖലയില്‍ ജോലി ചെയ്യുന്നവരാണ്. ഇതില്‍ 44% പേരും ഉപഭോക്താവിനെ നേരില്‍ അഭിമുഖീകരിക്കുന്ന സേവനങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. യൂറോപ്പില്‍ (38%) നിന്നുള്ള ജീവനക്കാരാണ് പ്രതികരിച്ചവരില്‍ മുന്നില്‍. വടക്കേ അമേരിക്ക (24%), ഏഷ്യാ-പസഫിക് (16%), മിഡില്‍ ഈസ്റ്റ് (9%) എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ തൊട്ടുപിറകെ.
134 Less than a minute