കോഴിക്കോട്: വിവാദമായ കാഫിര്‍ സന്ദേശ സ്ക്രീന്‍ഷോട്ട് താന്‍ ഷെയര്‍ ചെയ്തത് കൊണ്ട് എങ്ങനെയാണ് പ്രതികയാകുന്നതെന്ന ചോദ്യവുമായി ഡിവൈഎഫ്ഐ നേതാവ് റിബേഷ്. റെഡ് എന്‍കൗണ്ടര്‍ എന്ന ഇടത് അനുകൂല വാട്സാപ്പ് ഗ്രൂപ്പില്‍ റിബേഷ് ഷെയര്‍ ചെയ്ത പോസ്റ്റാണ് പിന്നീട് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കപ്പെട്ടതെന്ന അനുമാനത്തിലാണ് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതേത്തുടര്‍ന്ന് വ്യാപക വിമര്‍ശനങ്ങളുയരുന്നതിനിടെയാണ് റിബേഷിന്റെ പ്രതികരണം.
ഷെയര്‍ ചെയ്യുന്ന ആളുകളെല്ലാം പ്രതികളാകുക ആണെങ്കില്‍ കേരളത്തില്‍ എത്രപേരെ പ്രതികളാക്കേണ്ടി വരുമെന്നും അദ്ദേഹം ചോദിച്ചു. ജില്ലാ സെക്രട്ടറി പറഞ്ഞതിനപ്പുറത്തേക്ക് വേറെ ഒന്നും എനിക്ക് പറയാനില്ലെന്നും റിബേഷ് പ്രതികരിച്ചു.
വിഷയത്തില്‍ റിബേഷിനൊപ്പം സംഘടന ഉറച്ച് നില്‍ക്കുമെന്ന ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഷൈജു പറഞ്ഞു. ‘ആരാണ് ഈ സന്ദേശം ക്രിയേറ്റ് ചെയ്തത് എന്ന് അറിയാന്‍ സമഗ്രമായ അന്വേഷണം നടക്കണം. പോലീസ് വിളിപ്പിച്ച സമയത്തും റിബേഷ് അങ്ങോട്ട് ആവശ്യപ്പെട്ടതാണ് ശാസ്ത്രീയമായ അന്വേഷണം വേണം. ഞാന്‍ എന്റെ ഫോണ്‍ പോലീസിനെ വേണമെങ്കില്‍ ഏല്‍പ്പിക്കാം. തുടര്‍ന്ന് റിബേഷ് ഫോണ്‍ പോലീസിനെ ഏല്‍പ്പിക്കുന്ന സാഹചര്യമാണ് ഉണ്ടായത്’ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.
എന്നാല്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെയാണ്.’റിബേഷിന്റെ മൊഴിയെടുത്തെങ്കിലും പോസ്റ്റ് ലഭിച്ചത് എവിടെനിന്നാണെന്ന് പറയാന്‍ തയ്യാറായില്ല. പോസ്റ്റ് സൃഷ്ടിച്ചത് റിബേഷ് ആണോ അതോ ഡൗണ്‍ലോഡ് ചെയ്തതാണോ എന്നറിയാന്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്കയച്ചിരിക്കുകയാണ്’.
വടകരയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തിരുവള്ളൂരിലെ എം.എസ്.എഫ്. നേതാവ് പി.കെ. മുഹമ്മദ് കാസിമിന്റെ വാട്സാപ്പ് സന്ദേശമെന്ന പേരിലാണ് ‘കാഫിര്‍’ സ്ക്രീന്‍ഷോട്ട് പ്രചരിച്ചത്. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയെ കാഫിറെന്ന് വിളിക്കുന്ന പരാമര്‍ശമാണ് ഇതിലുള്ളത്. ഈ സന്ദേശം പെട്ടെന്നുതന്നെ സാമൂഹികമാധ്യമങ്ങളില്‍ വ്യാപിച്ചു. ഇത് വ്യാജമായി നിര്‍മിച്ച സ്ക്രീന്‍ഷോട്ടാണെന്ന് ചൂണ്ടിക്കാട്ടി മുഹമ്മദ് കാസിമും എംഎസ്എഫും അടക്കമുള്ളവര്‍ പരാതി നല്‍കിയിരുന്നു. സിപിഎമ്മാണ് ഇതിന് പിന്നിലെന്നായിരുന്നു ലീഗിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മുഹമ്മദ് കാസിമല്ല സ്ക്രീന്‍ ഷോട്ടിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിര്‍ണായക വിവരങ്ങള്‍ പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.
90 1 minute read