പോര്‍ട്ട് ഓഫ് സ്‌പെയിന്‍: മാസങ്ങള്‍ നീണ്ട ആശങ്കകള്‍ക്ക് ഒടുവില്‍ കരീബിയന്‍ തീരദേശ രാജ്യമായ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ തീരത്തടിഞ്ഞ അജ്ഞാത ടാങ്കര്‍ കപ്പലിനെ വീണ്ടും നീറ്റിലിറക്കി. ഒരു ജീവനക്കാരന്‍ പോലുമില്ലാതെ ഫെബ്രുവരി മാസത്തിലാണ് ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ തീരത്തേക്ക് ഒഴുകിയെത്തിയത്. കപ്പലിന് ഇരുവശങ്ങളിലും ‘ഗള്‍ഫ് സ്ട്രീം’ എന്ന എഴുത്തല്ലാത കപ്പല്‍ ആരുടേതാണെന്ന് കണ്ടെത്താന്‍ പോലും സാധിച്ചിരുന്നില്ല. കപ്പലില്‍ നിന്ന് വലിയ രീതിയിലുള്ള എണ്ണ ചോര്‍ച്ചയുണ്ടായതിന് പിന്നാലെ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട അവസ്ഥയാണ് ഉണ്ടായത്.
മാസങ്ങള്‍ നീണ്ട പരിശ്രമത്തിന് ശേഷമാണ് തലകീഴായി മറിഞ്ഞ നിലയിലെത്തിയ കപ്പലിനെ ഉയര്‍ത്തി നേരെയാക്കാന്‍ സാധിച്ചത്. ഇതിന് പിന്നാലെ ടഗ് ബോട്ടുകളുടെ സഹായത്തോടെ കപ്പലിനെ വീണ്ടും കടലില്‍ ഒഴുക്കാനും സാധിച്ചതായാണ് അധികൃതര്‍ വിശദമാക്കുന്നത്. 50000 ബാരല്‍ എണ്ണയാണ് കപ്പലില്‍ നിന്ന് കടലില്‍ ഒഴുകി പടര്‍ന്നത്. ടഗ് ബോട്ടുകളുടെ സഹായത്തോടെ അറുപത് മീറ്റര്‍ ആഴമുള്ള മേഖലയിലേക്ക് എത്തിച്ചാണ് കപ്പലിനെ നേരെയാക്കിയത്. എന്നാല്‍ അപായ സന്ദേശമൊന്നും നല്‍കാതെ ഒരു ജീവനക്കാരന്‍ പോലുമില്ലാതെ ഒഴുകിയെത്തിയ കപ്പലിനേക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും ഇനിയും ലഭ്യമായിട്ടില്ല.
330 അടി നീളമാണ് അജ്ഞാത കപ്പലിനുണ്ടായിരുന്നത്. കപ്പലിന്റെ വശങ്ങളിലായി ഗള്‍ഫ്‌സ്ട്രീം എന്നെഴുതിയത് ഇതിനോടകം മുങ്ങല്‍ വിദഗ്ധര്‍ ആണ് കണ്ടെത്തിയത്. ബീച്ചുകളിലേക്ക് അടക്കം എണ്ണ എത്തിയതിന് പിന്നാലെയാണ് രാജ്യത്ത് എമര്‍ജന്‍സി പ്രഖ്യാപിച്ചത്. സംയുക്ത സേനയ്‌ക്കൊപ്പം ആയിരത്തിലേറെ വോളന്റിയര്‍മാരാണ് എണ്ണ നീക്കം ചെയ്ത് വെള്ളം ശുദ്ധമാക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടത്. 30 ദശലക്ഷം യുഎസ് ഡോളറാണ് എണ്ണച്ചോര്‍ച്ച മൂലമുണ്ടായ നഷ്ടമെന്നാണ് ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ ഇതിനോടകം പ്രതികരിച്ചത്.
തീരത്തേക്ക് എത്തിയ തകര്‍ന്ന കപ്പലില്‍ ക്രൂ അടക്കം ആരും തന്നെയില്ലാത്തതിനാല്‍ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും കടല്‍ കൊള്ളയ്ക്കും ഉപയോഗിച്ചിരുന്ന കപ്പലാണ് ഇതെന്നാണ് സംശയിക്കുന്നത്. തീരമേഖലയിലെ വീടുകളില്‍ നിന്ന് ആളുകളോട് മാറി താമസിക്കാനും മാസ്‌കുകള്‍ ധരിക്കാനും അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. തലകീഴായി മറിഞ്ഞ നിലയിലായിരുന്നു കപ്പല്‍ ഒഴുകിയെത്തിയത്.
97 1 minute read