തിരുവനന്തപുരം: സമാന്തരപ്രവര്‍ത്തനം നടത്തിയതിന്റെപേരില്‍ മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായ കെ.ഇ. ഇസ്മായിലിനെതിരേ സി.പി.ഐ. അച്ചടക്കനടപടിക്ക്. പാലക്കാട്ടെ സേവ് സി.പി.ഐ. ഫോറത്തിനു മുന്‍കൈയെടുത്തു എന്ന വിവാദത്തില്‍ ഇസ്മായിലിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. സി.പി.ഐ. സംസ്ഥാന എക്‌സിക്യുട്ടീവ് യോഗത്തിലാണ് ഈ തീരുമാനം. സംസ്ഥാന നേതൃസമിതികള്‍ക്കു സമാന്തരമായി സേവ് സി.പി.ഐ. ഫോറം പ്രവര്‍ത്തിക്കുന്നുവെന്നാണ് പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുള്ള പരാതി. ഇക്കാര്യം എക്‌സിക്യുട്ടീവില്‍ ചര്‍ച്ചയായതിനെത്തുടര്‍ന്നാണ് നോട്ടീസ് നല്‍കാനുള്ള തീരുമാനം.
ആഭ്യന്തരവകുപ്പിനെതിരേ പി.വി. അന്‍വര്‍ ഉയര്‍ത്തിയിട്ടുള്ള ആരോപണങ്ങള്‍ സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കിയെന്നാണ് സി.പി.ഐ.യുടെ വിലയിരുത്തല്‍. ഈ അവസരം പരമാവധി രാഷ്ട്രീയവും സംഘടനാപരവുമായി ഉപയോഗപ്പെടുത്തും. സി.പി.എമ്മിലെ അസംതൃപ്തവിഭാഗങ്ങളുമായി നിരന്തരം ആശയവിനിമയം നടത്താനും സാധ്യമായവരെ പാര്‍ട്ടിയിലെത്തിക്കാനുമാണ് ധാരണ. അതേസമയം, സി.പി.എമ്മുമായി പരസ്യമായ ഏറ്റുമുട്ടല്‍ വേണ്ടെന്നും യോഗം തീരുമാനിച്ചു. ഇടതുമുന്നണിയിലെ പ്രധാന തിരുത്തല്‍ശക്തിയായി മാറാനുള്ള സാധ്യതകളും പ്രയോജനപ്പെടുത്തും.
72 Less than a minute