BREAKINGKERALA
Trending

പൂരം കലക്കലില്‍ ഇന്ന് സഭ കലങ്ങുമോ? അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കാന്‍ പ്രതിപക്ഷം, പ്രതിരോധിക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കല്‍ സര്‍ക്കാറിനെതിരെ നിയമസഭയില്‍ ഇന്ന് ആയുധമാക്കാന്‍ പ്രതിപക്ഷം. പൂരം കലക്കലില്‍ അടിയന്തിര പ്രമേയത്തിനാണ് നീക്കം. പൂരം കലക്കലുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കും. പൂരം കലക്കലിലും എഡിജിപി എം ആര്‍ അജിത് കുമാറിന് സര്‍ക്കാര്‍ സംരക്ഷണം നല്‍കിയെന്നാണ് പ്രതിപക്ഷ ആക്ഷേപം. സിപിഐക്കും സമാന നിലപാട് ഉണ്ടായിരിക്കെ അത് മുതലെടുക്കാനും പ്രതിപക്ഷ ശ്രമമുണ്ടാകും.
പൂരം കലക്കലില്‍ അന്വേഷണം നീണ്ട് പോകുന്നതും സിപിഎം-ബിജെപി ഡീലും പ്രതിപക്ഷം ഉന്നയിക്കും. എന്നാല്‍ തൃശൂരില്‍ കോണ്‍ഗ്രസ് വോട്ട് ചോര്‍ച്ച അടക്കം ഉയര്‍ത്തിയാകും ഭരണപക്ഷ പ്രതിരോധം. ഇന്നലെ അനാരോഗ്യം മൂലം മുഖ്യമന്ത്രി അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നില്ല. ഇന്ന് മുഖ്യമന്ത്രി നിയമസഭയില്‍ എത്തുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
അതേസമയം, പി വി അന്‍വര്‍ എംഎല്‍എയ്ക്ക് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയില്‍ പുതിയ സീറ്റ് അനുവദിക്കുമെന്നാണ് സ്പീക്കര്‍ എഎന്‍ ഷംസീര്‍ അറിയിച്ചു. നിയമസഭയില്‍ പി വി അന്‍വറിന്റെ സീറ്റ് ഇനി പ്രത്യേക ബ്ലോക്കായി കണക്കാക്കുമെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു. അന്‍വറിന്റെ കത്ത് പരിഗണിച്ചാണ് സ്പീക്കറുടെ തീരുമാനം.
ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടക്കാകും ഇനി അന്‍വറിന്റെ പുതിയ സീറ്റ്. നാലാം നിരയിലെ സീറ്റാണ് പ്രത്യേക ബ്ലോക്കായി കണക്കാക്കുക. പ്രതിപക്ഷനിരയില്‍ ഇരിക്കാന്‍ ആകില്ലെന്നായിരുന്നു അന്‍വറിന്റെ നിലപാട്. പ്രതിപക്ഷത്ത് ഇരിക്കാന്‍ പറ്റില്ലെന്ന് അന്‍വര്‍ നേരത്തെ സ്പീക്കറെ അറിയിച്ചിരുന്നു. നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്ക് തന്നെ വേണമെന്നും പ്രത്യേക സീറ്റ് അനുവദിച്ചില്ലെങ്കില്‍ തറയില്‍ ഇരിക്കുമെന്നുമായിരുന്നു പിവി അന്‍വറിന്റെ നിലപാട്. ഇന്ന് നിയമസഭയില്‍ പോകുമെന്നാണ് പി വി അന്‍വര്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്.

Related Articles

Back to top button