കൊച്ചി: തമ്മില്‍ തല്ലിനും കടുത്ത വിഭാഗീയതക്കുമൊടുവില് എറണാകുളത്ത് സി.പി.എം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നു. തൃപ്പൂണിത്തുറയില്‍ നിന്നുള്ള നൂറോളം സി.പി.എം പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കും. അതേസമയം കൂട്ടത്തല്ല് നടക്കുകയും പിന്നാലെ ആറ് അംഗങ്ങളെ പുറത്താക്കുകയും ചെയ്ത പൂണിത്തുറ ലോക്കല്‍ കമ്മിറ്റിയില്‍ നിന്നുള്ളവരും കോണ്‍ഗ്രസുമായി ബന്ധപ്പെട്ടെന്നുമാണ് വിവരം.
നിയമസഭാ തിരഞ്ഞെടുപ്പില്‍ എം.സ്വരാജിനെതിരേ പ്രവര്‍ത്തിച്ചുവെന്നാണ് തൃപ്പൂണിത്തുറയിലെ ലോക്കല്‍ കമ്മിറ്റി അംഗം അടക്കമുള്ളവര്‍ക്കെതിരേ ആക്ഷേപം ഉയര്‍ന്നത്. എന്നാല്‍ തോല്‍വിക്ക് കാരണക്കാരായവര്‍ പാര്‍ട്ടിയില്‍ തുടരുകയും സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരെ ബലിയാടാക്കുകയുമായിരുന്നുവെന്ന് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. തുടര്‍ന്നാണ് സി.പി.എം പ്രവര്‍ത്തകരും അവരുടെ കുടുംബങ്ങളും കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കാന്‍ തീരുമാനിച്ചത്.
അതേസമയം പൂണിത്തുറയിലെ പുറത്താക്കല്‍ നടപടിയില്‍ പ്രതിഷേധിച്ച് പൂണിത്തുറയില്‍ നിന്നുള്ള പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടേക്കുമെന്നാണ് സൂചന. പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കല്‍ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും ലഭിച്ചാലുടന്‍ ഇവര്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചേക്കുമെന്നുമാണ് വിവരം. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കളുമായി പ്രവര്‍ത്തകര്‍ ചര്‍ച്ച നടത്തിയതായും വിവരമുണ്ട്.
120 Less than a minute