BREAKINGINTERNATIONAL

16 വര്‍ഷം താമസിച്ചത് ആംബുലന്‍സ് സ്റ്റേഷനില്‍, പ്രിയപ്പെട്ട പൂച്ചയ്ക്ക് കുടിയിറക്ക് ഭീഷണി, ഒടുവില്‍ ഇടപെട്ട് എംപിയും

നമ്മുടെ നാട്ടിലെ സര്‍ക്കാര്‍ ഓഫീസുകളില്‍, റെയില്‍വേ സ്റ്റേഷനുകളില്‍ എന്തിന് ആശുപത്രി മോര്‍ച്ചറിക്ക് മുന്നില്‍ പോലും ആരെയോ കാത്ത് നില്‍ക്കുന്നത് പോലെ ജീവിക്കുന്ന ചില മൃഗങ്ങളെ കുറിച്ച്, പ്രത്യേകിച്ചും നായകളെയും പൂച്ചകളെയും കുറിച്ച് ചിലപ്പോഴൊക്കെ വാര്‍ത്തകള്‍ വരാറുണ്ട്. സമാനമായ ഒരു വാര്‍ത്ത ഇത്തവണ ലണ്ടനില്‍ നിന്നാണ്. പറഞ്ഞുവരുന്നത് 16 വര്‍ഷമായി ലണ്ടനിലെ വാള്‍ത്താംസ്റ്റോ ആംബുലന്‍സ് സ്റ്റേഷനില്‍ താമസിക്കുന്ന ഒരു പൂച്ച, ‘ഡിഫിബി’നെ കുറിച്ചാണ്. ഇന്ന് അവന്‍ കുടിയിറക്ക് ഭീഷണി നേരിടുന്നു.
ഡിഫിബിനെ ആംബുലന്‍സ് ക്രൂ തന്നെയാണ് 16 വര്‍ഷം മുമ്പ് ദത്തെടുത്ത് വളര്‍ത്താന്‍ ആരംഭിച്ചത്. എന്നാല്‍, അടുത്തിടെ സ്റ്റേഷന്‍ മാനേജ്‌മെന്റ് മാറിയപ്പോള്‍, ഡിഫിബിനെ കുടിയൊഴുപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുതിയ ജീവനക്കാരില്‍ ചിലര്‍ക്ക് ഡിഫിബിനോട് താത്പര്യമില്ലെന്നും അതിനാല്‍ സ്വന്തം സംരക്ഷണത്തിനായാണ് ഡിഫിബിനെ സ്ഥലം മാറ്റുന്നതെന്നും പറഞ്ഞ് ലണ്ടന്‍ ആംബുലന്‍സ് സര്‍വീസ് (എല്‍എഎസ്) സ്ഥലംമാറ്റത്തെ ന്യായീകരിച്ചു,
അതേസമയം, ആംബുലന്‍സ് ജീവനക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ടവനാണ് ഡിഫിബ്. പലപ്പോഴും സംഘര്‍ഷം നിറഞ്ഞ സമയങ്ങളില്‍ തങ്ങളെ ശാന്തരാക്കാന്‍ ഡിഫിബിന് കഴിയുന്നു. അവന്‍ ഞങ്ങളുടെ സ്വത്താണെന്ന് ചില ഷിഫ്റ്റ് ജീവനക്കാര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, പുതിയ മാനേജ്‌മെന്റ് ഡിഫിബിനെ മാറ്റാനുള്ള തീരുമാനത്തിലാണ്. ഡിഫിബിന്റെ പ്രായക്കൂടുതല്‍ കാരണം അവന്റെ വേഗത കുറഞ്ഞു, തിരക്കേറിയ സ്റ്റേഷനില്‍ അവന് അപകടം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും എല്‍എഎസ് പറയുന്നു.
വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ഡിഫിബിനെ സ്റ്റേഷനില്‍ തുടരാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് 62,000 -ത്തിലേറെ പേര്‍ ഒപ്പിട്ട നിവേദനം അധികാരികള്‍ക്ക് സമര്‍പ്പിക്കപ്പെട്ടു. പ്രായമായ പൂച്ചയെയുടെ താമസം മാറ്റുന്നത് അതിനോട് ചെയ്യുന്ന ക്രൂരതയാണെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാണിച്ചു. ജനകീയ പിന്തുണ ശക്തമായതിന് പിന്നാലെ പൂച്ചയെ സ്ഥലം മാറ്റരുതെന്ന് ആവശ്യപ്പെട്ട് പ്രദേശിക എംപി സ്റ്റെല്ല ക്രേസിയും രംഗത്തെത്തി. പൂച്ചയ്ക്ക് വേണ്ടി ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ഇടപെടണമെന്ന് ആവശ്യമുയര്‍ന്നു. അതേസമയം പൂച്ചയെ മാറ്റുകയല്ല. മറിച്ച് അവന്റെ പ്രായം കണക്കിലെടുത്ത് റിട്ടയര്‍മെന്റാണ് ഉദ്ദേശിക്കുന്നതെന്ന് മാനേജ്‌മെന്റ് പ്രതിനിധി പറഞ്ഞതായി ദി സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Articles

Back to top button