കീമോതെറാപ്പിയിലൂടെ അര്‍ബുദത്തെ അതിജീവിച്ചുവെന്ന സന്തോഷവാര്‍ത്ത വില്ല്യാം രാജകുമാരന്റെ ഭാര്യയും വെയ്ല്‍സ് രാജകുമാരിയുമായ കേറ്റ് മിഡില്‍ടണ്‍ കഴിഞ്ഞ സെപ്റ്റംബറില്‍ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ എത്ര ആശ്വാസമുണ്ടെന്ന് പറഞ്ഞറിയിക്കാനാകില്ലെന്നും കഴിഞ്ഞ ഒമ്പത് മാസങ്ങള്‍ ഒരു കുടുംബം എന്ന നിലയ്ക്കു പ്രയാസമേറിയ ദിനങ്ങളാണ് കടന്നുപോയതെന്നും പ്രിന്‍സ് ആന്റ് പ്രിന്‍സസ് ഓഫ് വെയില്‍സ് എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച വീഡിയോയില്‍ കേറ്റ് വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ കേറ്റ് തനിക്കയച്ച ആശംസയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് താരം മനീഷ കൊയ്രാള. ഒവേറിയന്‍ കാന്‍സറിനോടുള്ള തന്റെ പോരാട്ടം വിജയം കണ്ടതില്‍ സന്തോഷം പ്രകടിപ്പിച്ചാണ് കേറ്റ് തനിക്ക് കത്ത് അയച്ചതെന്നും മനീഷ് കൊയ്രാള പറയുന്നു. ‘എന്റെ ആശംസകള്‍ വെയ്ല്‍സ് രാജകുമാരിയെ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. എന്റെ അനുഭവങ്ങള്‍ തന്നെയായിരുന്നു അതിന് പ്രചോദനം. അവരില്‍ നിന്ന് ഇത്തരമൊരു ഊഷ്മളമായ പ്രതികരണം ലഭിച്ചതില്‍ ഞാന്‍ സന്തുഷ്ടയാണ്. അവര്‍ എപ്പോഴും ആരോഗ്യത്തോടെയിരിക്കട്ട.’- മനീഷ വ്യക്തമാക്കി.
2023 മാര്‍ച്ചിലാണ് കേറ്റ് അര്‍ബുദസ്ഥിരീകരണ വാര്‍ത്ത പുറത്തുവിട്ടത്. അര്‍ബുദം സ്ഥിരീകരിച്ചതിനേക്കുറിച്ചും കീമോതെറാപ്പിയിലൂടെ കടന്നുപോകുന്നതിനേക്കുറിച്ചുമാണ് നാല്‍പത്തിരണ്ടുകാരിയായ കേറ്റ് പങ്കുവെച്ചത്. ജനുവരിയില്‍ അടിവയറ്റില്‍ ശസ്ത്രക്രിയ നടത്തിയതെന്നും കാന്‍സര്‍ സ്ഥിരീകരണം തനിക്ക് വലിയ ഞെട്ടലാണ് ഉണ്ടാക്കിയതെന്നും കേറ്റ് വെളിപ്പെടുത്തിയിരുന്നു.
2012-ലാണ് മനീഷയ്ക്ക് ഒവേറിയന്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. തളര്‍ന്നു പോകുമായിരുന്ന ഘട്ടത്തില്‍നിന്ന്, പൊരുതി ജയിക്കാനുള്ള വാശിയോടെ അര്‍ബുദം തന്നെ പഠിപ്പിച്ച പാഠങ്ങള്‍ മനീഷ ‘ഹീല്‍ഡ്: ഹൗ കാന്‍സര്‍ ഗെവ് മി എ ന്യൂ ലൈഫ്’ എന്ന തന്റെ പുസ്തകത്തിലൂടെ പങ്കുവെച്ചിരുന്നു. മുംബൈയിലും നേപ്പാളിലും അമേരിക്കയിലുമായി ചികിത്സയില്‍ക്കഴിഞ്ഞിരുന്ന മനീഷ, ഓരോ ഘട്ടങ്ങളായി തന്റെ മനസ്സും ശരീരവും സുഖപ്പെടുത്തുകയായിരുന്നു.
121 1 minute read