റീലുകള്‍ക്കും അതിന് കിട്ടുന്ന ലൈക്കുകള്‍ക്കും കമന്റുകള്‍ക്കും വേണ്ടിയും ഏതറ്റം വരെയും പോകാന്‍ തയ്യാറായി നില്‍ക്കുകയാണ് ഇന്ന് ആളുകള്‍. സ്ഥലകാലമോ, പരിസരമോ ഒന്നും നോക്കാതെ വീഡിയോ ഷൂട്ട് ചെയ്യുക എന്നതൊക്കെ അതിന്റെ ഭാഗങ്ങളാണ്. അങ്ങനെ ചെയ്തതിന്റെ പേരില്‍ വിവാദമായ ഒരുപാട് വീഡിയോകളും ഉണ്ട്. ഇപ്പോഴിതാ കളക്ട്രേറ്റിന്റെ മുന്നില്‍ വച്ച് ചിത്രീകരിച്ച ഒരു വീഡിയോയാണ് വിവാദമാകുന്നത്.
മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നിന്നാണ് ഈ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. വീഡിയോയില്‍ കാണുന്നത് കളക്ട്രേറ്റിന്റെ മുന്നില്‍വച്ച് ഡാന്‍സ് കളിക്കുന്ന ഒരു യുവതിയെയാണ്. അക്ഷയ് കുമാറും രവീണ ടണ്ടനും അഭിനയിച്ച മൊഹ്റയിലെയും പ്രശസ്തമായ ടിപ്പ് ടിപ്പ് ബര്‍സ പാനി എന്ന ഗാനത്തിനൊപ്പമാണ് യുവതി ചുവട് വയ്ക്കുന്നത്. കറുത്ത സാരിയാണ് സ്ത്രീ അണിഞ്ഞിരിക്കുന്നത്.
ആദ്യം തന്നെ സ്ത്രീ സ്റ്റെപ്പുകള്‍ കയറിപ്പോകുന്നതാണ് കാണുന്നത്. പിന്നീട് ചുവടുകള്‍ വയ്ക്കുന്നത് കാണാം. എന്നാലും, ഫോര്‍ട്ട്, ഇറ്റാലിയന്‍ ഗാര്‍ഡന്‍ തുടങ്ങിയ സ്ഥലങ്ങളല്ല കളക്ടറേറ്റ് പരിസരം തന്നെ എന്തിനാണവള്‍ ഇങ്ങനെയൊരു വീഡിയോ ഷൂട്ട് ചെയ്യാന്‍ തെരഞ്ഞെടുത്തത് എന്നാണ് ആളുകളുടെ അത്ഭുതം.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, നിരവധിപ്പേര്‍ വീഡിയോയെ വിമര്‍ശിച്ചു മുന്നോട്ട് വന്നിച്ചുണ്ട്. യുവതിക്കെതിരെ നടപടി വേണമെന്നും പലരും ആവശ്യപ്പെട്ടു. ഒടുവില്‍, സോഷ്യല്‍ വര്‍ക്കറായ ആകാശ് ബറുവ യുവതിക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗ്വാളിയോര്‍ എസ്ഡിഎമ്മിന് രേഖാമൂലം പരാതി നല്‍കിയതായും പറയുന്നു. കളക്ട്രേറ്റ് പോലെയുള്ള സ്ഥലങ്ങളില്‍ ഇത്തരം വീഡിയോ ഷൂട്ട് ചെയ്യുന്നത് നഗരത്തിന്റെ പേര് തന്നെ മോശമാക്കാന്‍ ഇടവരും എന്നായിരുന്നു ആളുകളുടെ കുറ്റപ്പെടുത്തല്‍.
അതേസമയം, വീഡിയോ വൈറലായതിനെ തുടര്‍ന്ന് പൊതുസ്ഥലങ്ങളിലും ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങളിലും മറ്റും റീലുകള്‍ ചിത്രീകരിക്കുന്നതും ഫോട്ടോഗ്രാഫിയും വീഡിയോഗ്രഫിയും ഗ്വാളിയോര്‍ ജില്ലയില്‍ അധികൃതര്‍ നിരോധിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
99 1 minute read