ജനീവ: തൊഴിലാളികളെ വളരെ മോശമായ രീതിയിലാണ് ഹിന്ദുജ കുടുംബത്തിലെ കോടീശ്വരന്മാര്‍ കൈകാര്യം ചെയ്തിരുന്നതെന്ന് പ്രൊസിക്യൂഷന്‍. ഒരുദിവസം 18 മണിക്കൂര്‍ വരെ ജോലിയെടുപ്പിക്കുകയും വെറും 600 രൂപ കൂലി നല്‍കുകയും ചെയ്തു. ഇതിനിടയില്‍ മതിയായ വിശ്രമം പോലും അനുവദിച്ചിരുന്നില്ല. ഇവരുടെ വളര്‍ത്തുനായ്ക്കളെ തൊഴിലാളികളേക്കാള്‍ നല്ല രീതിയില്‍ പരിഗണിച്ചിരുന്നുവെന്നും പ്രൊസിക്യൂഷന്‍ പറയുന്നു. തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് തടഞ്ഞുവെക്കുകയും അനുവാദമില്ലാതെ പുറത്തുപോകുന്നത് വിലക്കുകയും ചെയ്തു. ഇന്ത്യന്‍ കറന്‍സിയിലാണ് ഇവര്‍ക്ക് ശമ്പളം നല്‍കിയിരുന്നത്. ചവിട്ടിയിലും ബേസ്‌മെന്റിലുമാണ് പലരും അന്തിയുറങ്ങിയിരുന്നത്. കഴിഞ്ഞ ദിവസമാണ് കോടീശ്വര കുടുംബമായ ഹിന്ദുജ കുടുംബത്തിലെ നാല് പേര്‍ക്ക് തൊഴിലാളികളോട് മോശമായ രീതിയില്‍ പെരുമാറിയതിന് സ്വിറ്റ്‌സര്‍ലന്‍ഡ് കോടതി ശിക്ഷ വിധിച്ചത്. പ്രകാശ് ഹിന്ദുജയ്ക്കും ഭാര്യ കമാല്‍ ഹിന്ദുജയ്ക്കും നാല് വര്‍ഷവും ആറ് മാസവും തടവ് ശിക്ഷയും മകന്‍ അജയ് (56), ഭാര്യ നമ്രത (50) എന്നിവര്‍ക്ക് നാല് വര്‍ഷം വീതം തടവ് ശിക്ഷ വിധിച്ചു.
ഹിന്ദുജ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ (യൂറോപ്പ്) ചെയര്‍മാനും ഹിന്ദുജ ബാങ്ക് സ്വിറ്റ്‌സര്‍ലന്‍ഡിലെ ഉപദേശക ബോര്‍ഡ് ചെയര്‍മാനുമാണ് 78 കാരനായ പ്രകാശ് പി ഹിന്ദുജ. സ്വിസ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ ബോര്‍ഡ് അംഗം കൂടിയാണ് അദ്ദേഹം. പ്രകാശ്-കമല്‍ ഹിന്ദുജ ദമ്പതികള്‍ക്ക് രാംകൃഷ്ണന്‍ എന്ന മകനും രേണുക എന്ന മകളുമുണ്ട്.
ഇവരുടെ സ്വിറ്റ്‌സര്‍ലന്റിലെ ബംഗ്ലാവിലാണ് തൊഴില്‍ ചൂഷണം നടന്നത്. ഇന്ത്യയില്‍ നിന്ന് എത്തിച്ച തൊഴിലാളികളെ ചൂഷണം ചെയ്യുകയും അവരുടെ പാസ്‌പോര്‍ട്ടുകള്‍ പിടിച്ചുവെയ്ക്കുകയും ചെയ്തതായി കോടതി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ശിക്ഷ. 47 ബില്യന്‍ അമേരിക്കന്‍ ഡോളറിന്റെ ആസ്തിയുള്ള ധനിക കുടുംബത്തിന്റെ ബംഗ്ലാവില്‍ ഗുരുതരമായ തൊഴിലാളി ചൂഷണം നടന്നുവെന്ന് കോടതി കണ്ടെത്തി. 38 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങളില്‍ രണ്ട് ലക്ഷത്തിലധികം തൊഴിലാളികളാണ് ഹിന്ദുജ ഗ്രൂപ്പിനുള്ളത്. എണ്ണ, വാതകം, ബാങ്കിങ്, ആരോഗ്യം, വാഹന നിര്‍മാണം എന്നിങ്ങനെ വിവിധ മേഖലകളിലായി വ്യാപിച്ച് കിടക്കുകയാണ് ഹിന്ദുജ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം. പാവങ്ങളുടെ ദുരിതത്തില്‍ നിന്ന് പ്രതികള്‍ ലാഭമുണ്ടാക്കുകയായിരുന്നു എന്നും പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു.
എന്നാല്‍ തൊഴിലാളികള്‍ക്ക് മാന്യമായ ശമ്പളം നല്‍കിയിരുന്നുവെന്നും അവരെ തടങ്കലില്‍ വെച്ചിട്ടില്ലെന്നും അവര്‍ക്ക് പുറത്തുപോകാന്‍ അനുവാദമുണ്ടായിരുന്നെന്നും ഹിന്ദുജ കുടുംബത്തിന്റെ അഭിഭാഷകര്‍ വാദിച്ചു.
1,135 1 minute read