BREAKINGNATIONAL

‘എന്നെ വിവാഹം കഴിക്കൂ, ഐശ്വര്യാ’; വൈറലായി യുപിയിലെ ബില്‍ബോര്‍ഡ് പ്രണയാഭ്യര്‍ത്ഥന

നീണ്ട റോഡ് യാത്രയ്ക്കിടയില്‍ നിരവധി ബില്‍ബോര്‍ഡ് പരസ്യങ്ങളാണ് നമ്മള്‍ കാണുന്നത്. അതിശക്തമായ കാറ്റ് ബില്‍ബോര്‍ഡുകളുടെ സുരക്ഷിതത്വത്തെ കുറിച്ച് ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും ചില ബില്‍ബോര്‍ഡ് പരസ്യങ്ങള്‍ കാണുമ്പോള്‍ നമ്മളില്‍ അറിയാതെ ഒരു പുഞ്ചിരി വിരിയും. അത്തരം ബില്‍ബോര്‍ഡ് പരസ്യങ്ങള്‍ക്ക് പ്രശസ്തമാണ് അമൂലിന്റെ പരസ്യങ്ങള്‍. എന്നാല്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ ഒരു പ്രണയാഭ്യര്‍ത്ഥനയും ബില്‍ബോര്‍ഡ് പരസ്യം ഏറെ വൈറലായി.
പ്രണയം തുറന്ന് പറയാന്‍ പലര്‍ക്കും മടിയാണെന്നുള്ള കാര്യം നമ്മള്‍ പലതരത്തില്‍ പലപ്പോഴായി കേട്ടിട്ടുണ്ട്. സ്വന്തം ഇഷ്ടം തുറന്ന് പറയാന്‍ പറ്റാതെ ജീവിക്കേണ്ടി വരുന്നവരുടെ നിരവധി കഥകളും സിനിമകളും ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ പൊതു നിരത്തില്‍ ഇതുപോലൊരു പ്രണയാഭ്യര്‍ത്ഥന ആദ്യമായിട്ടാണ്. ഉത്തര്‍പ്രദേശിലെ കനൗജ് ജില്ലയിലെ മകരന്ദ് നഗറിലെ ഇലക്ട്രിസിറ്റി പവര്‍ഹൗസിനോട് ചേര്‍ന്നുള്ള തിരക്കേറിയ ജിടി റോഡിന് നടുവിലാണ് ഈ ബില്‍ബോര്‍ഡ് പരസ്യം പ്രത്യക്ഷപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പരസ്യത്തില്‍ ഇങ്ങനെ എഴുതി, ‘നിങ്ങളെ കണ്ടുമുട്ടിയ ആദ്യ കാഴ്ച മുതല്‍ ഞാന്‍ നിങ്ങളുടേതാണ്. എന്റെ അവസാന ശ്വാസം വരെ നിങ്ങളുടെ കൂടെയുണ്ടാകുമെന്ന് ഞാന്‍ വാഗ്ദാനം ചെയ്യുന്നു. എന്തുതന്നെ ആയാലും! ഐശ്വര്യ, എന്നെ വിവാഹം കഴിക്കൂ’ ഒപ്പം പ്രണയാഭ്യര്‍ത്ഥനയുടെ ഒരു ചിത്രവും പ്രണയ ചിഹ്നങ്ങളും പങ്കുവയ്ക്കപ്പെട്ടു.
അതിരാവിലെ റോഡ് സൈഡില്‍ പ്രത്യക്ഷപ്പെട്ട ചിത്രം നഗരത്തില്‍ പെട്ടെന്ന് തന്നെ വലിയ സംസാര വിഷയമായി. ആള് കൂടി. അടുത്തുള്ള ഹൌസിംഗ്‌ബോര്‍ഡുകാരെത്തി. പിന്നാലെ പോലീസ് എത്തി. ബോര്‍ഡ് നീക്കം ചെയ്യപ്പെട്ടു. അനധികൃതമായി ഇലക്ട്രിസ്റ്റി പോസ്റ്റില്‍ ബില്‍ബോര്‍ഡ് തൂക്കിയ ആളെ അന്വേഷിക്കുകയാണെന്ന് പോലീസ് പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Related Articles

Back to top button