BREAKINGNATIONAL
Trending

കള്ളക്കുറിച്ചി വിഷമദ്യദുരന്തം; മെഥനോള്‍ ആന്ധ്രയില്‍ നിന്ന്, പഴകിയ മെഥനോള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങിയെന്ന് സിബിസിഐഡി

ബെംഗളൂരു: തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയില്‍ വിഷമദ്യദുരന്തത്തിനിടയാക്കിയ മെഥനോള്‍ എത്തിച്ചത് ആന്ധ്രയില്‍ നിന്ന് പുതുച്ചേരി വഴിയെന്ന് കണ്ടെത്തി സിബിസിഐഡി സംഘം. ദുരന്തത്തില്‍ രാഷ്ട്രീയ പ്രതിരോധത്തിലായതോടെ മരിച്ചവരുടെ കുട്ടികളുടെ പഠനച്ചെലവടക്കം സര്‍ക്കാര്‍ ഏറ്റെടുക്കുന്നുവെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പ്രഖ്യാപിച്ചു. ഇത്രയധികം ദുരന്തങ്ങളുണ്ടായിട്ടും സര്‍ക്കാര്‍ എന്ത് നടപടിയാണെടുത്തതെന്ന് ചോദിച്ച മദ്രാസ് ഹൈക്കോടതി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്.
കള്ളക്കുറിച്ചിയിലെ കൊച്ചുകുട്ടികള്‍ക്ക് വരെ പാക്കറ്റിലെത്തുന്ന വ്യാജചാരായത്തിന്റെ വിലയും അത് വരുന്ന വഴിയുമറിയാമെന്ന് പല പ്രാദേശികമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തതാണ്. ദുരന്തത്തിനിടയാക്കിയ വ്യാജ മദ്യത്തില്‍ ഉപയോഗിച്ച മെഥനോള്‍ വന്നത് ആന്ധ്രാപ്രദേശിലെ ചില മരുന്ന് കമ്പനികളില്‍ നിന്നാണെന്നാണ് സിബിസിഐഡിയുടെ കണ്ടെത്തല്‍. പഴകിയ മെഥനോള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങി പുതുച്ചേരിയില്‍ എത്തിച്ചത് അറസ്റ്റിലായ മാധേഷാണ്. ജൂണ്‍ 17-നാണ് മാതേഷ് മെഥനോള്‍ തമിഴ്‌നാട്ടിലെ ഇടനിലക്കാരനായ ചിന്നദുരൈയ്ക്ക് വിറ്റത്. ഇയാളില്‍ നിന്നാണ് മദ്യം വിതരണം ചെയ്ത ഗോവിന്ദരാജ് മെഥനോള്‍ 60 ലിറ്ററിന്റെ നാല് വീപ്പയും മുപ്പത് ലിറ്ററിന്റെ മൂന്ന് വീപ്പയും 100 ചെറുപാക്കറ്റുകളും വാങ്ങിയത്. ഒരു പാക്കറ്റ് പൊട്ടിച്ച് രുചിച്ച് നോക്കിയ സഹോദരന്‍ ദാമോദരന്‍ ഇത് കേടായതാണെന്ന സംശയം പറഞ്ഞെങ്കിലും ഗോവിന്ദരാജ് അത് കണക്കിലെടുത്തില്ല. ആന്ധ്രയില്‍ നിന്ന് പുതുച്ചേരി വരെയും പുതുച്ചേരിയില്‍ നിന്ന് തമിഴ്‌നാട്ടിലേക്കും പല ചെക്ക്‌പോസ്റ്റുകള്‍ ചെക്കിംഗില്ലാതെ എങ്ങനെ ഇത്രയധികം മെഥനോള്‍ കടത്തിയെന്നതും സിബിസിഐഡി അന്വേഷിക്കുകയാണ്.
രാഷ്ട്രീയസമ്മര്‍ദ്ദം കടുത്തതോടെ ദുരന്തത്തില്‍ മരിച്ചവരുടെ കുട്ടികളുടെ പഠനച്ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നിയമസഭയില്‍ പറഞ്ഞു. തമിഴകവെട്രി കഴകം അധ്യക്ഷനും സൂപ്പര്‍ താരവുമായ വിജയ് നാളത്തെ തന്റെ അമ്പതാം പിറന്നാളാഘോഷങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ആ പണം കള്ളക്കുറിച്ചിയിലെ ഇരകളുടെ കുടുംബങ്ങള്‍ക്ക് നല്‍കണമെന്ന് ആരാധകരോട് വിജയ് പറഞ്ഞു. വ്യാജമദ്യമൊഴുക്ക് തടയാന്‍ കര്‍ശന നിയമം വേണമെന്ന് സൂപ്പര്‍ താരം സൂര്യയും വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button