ദില്ലി: സ്കൂളില്‍ പോകേണ്ട പ്രായത്തില്‍ കുടുംബിനി ആകുകയും അധികം താമസിയാതെ തന്നെ അമ്മയാകുകയും ചെയ്തു. പിന്നീട് കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങളിലേക്ക്. ഒരു സാധാരണ പെണ്‍കുട്ടിയുടെ വിദ്യാഭ്യാസ സ്വപ്നങ്ങളൊക്കെ അവസാനിച്ചു പോകാന്‍ ഇത് മതിയാകും. പക്ഷേ അംബിക അങ്ങനെയായിരുന്നില്ല. പഠിച്ച് ഒരു ജോലി നേടണമെന്ന, സ്കൂള്‍ കാലം മുതലുള്ള സ്വപ്നത്തെ അവള് മുറുക്കെ പിടിച്ചു. ഒടുവില്‍ ഏറ്റവും കഠിനമായ മത്സരപ്പരീക്ഷകളിലൊന്നെന്നായ യുപിഎസ്സി എഴുതി, ഐപിഎസുകാരിയായി!
14ാമത്തെ വയസില്‍ പൊലീസ് കോണ്‍സ്റ്റബിളുമായിട്ടായിരുന്നു അംബികയുടെ വിവാഹം. ശൈശവ വിവാഹത്തിന്റെ ഇരയെന്നും പറയാം. വളരെ ചെറുപ്പത്തില്‍ തന്ന കുടുംബജീവിതത്തിലേക്ക് എത്തി. അതുകൊണ്ട് തന്നെ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. സാഹചര്യം പ്രതികൂലമായിരുന്നിട്ട് കൂടി പഠിക്കണമെന്ന മോഹം മനസിലൊരു തീപ്പൊരിയായി വീണുകിടന്നു.
അങ്ങനെയിരിക്കേ ഒരിക്കല്‍ ഒരു റിപ്പബ്ലിക് പരേഡ് ദിനം. പരേഡില്‍ തന്റെ ഭര്‍ത്താവ് ഐ.പി.എസ് ഓഫിസര്‍ക്ക് സല്യൂട്ട് നല്‍കുന്നത് കണ്ടതോടെ അംബികയുടെ മനസ്സിലെ ആഗ്രഹം ഉണര്‍ന്നു. പഠനം പുനരാരംഭിക്കണമെന്ന് ചിന്ത അവരുടെ മനസില്‍ വേരുറച്ചു. ഒപ്പം ഒരു ഐപിഎസ് ഓഫീസര്‍ ആകുക എന്ന ലക്ഷ്യവും മനസിലുറച്ചു. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. തുടര്‍ന്ന് പഠിക്കണമെന്ന ആ?ഗ്രഹം ഭര്‍ത്താവിനോട് അംബിക തുറന്നു പറഞ്ഞു. പൂര്‍ണ പിന്തുണ നല്കി ഭര്‍ത്താവ് ഒപ്പം നിന്നു.
ഒരു സ്വകാര്യ സ്ഥാപനത്തില്‍ ചേര്‍ന്ന് വിദൂര വിദ്യാഭ്യാസ പദ്ധതി പ്രകാരമാണ് പത്താം ക്ലാസും 12-ാം ക്ലാസും അംബിക പാസായത്. പിന്നീട് ബിരുദ പഠനവും പൂര്‍ത്തിയാക്കി. തന്റെ ഔദ്യോഗിക ചുമതലകള്‍ക്കൊപ്പം തന്നെ മക്കളെ സംരക്ഷിക്കുന്നതടക്കമുള്ള വീടിന്റെ ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിച്ച് ഭര്‍ത്താവും അംബികയുടെ കൂടെനിന്നു. എന്നാല്‍ സിവില്‍ സര്‍വീസ് എന്ന സ്വപ്നം അത്രയെളുപ്പത്തില്‍ നേടിയെടുക്കാനാവില്ലെന്ന് അംബികക്ക് ആദ്യ ശ്രമത്തില്‍ തന്നെ മനസ്സിലായി. പിന്നീട് രണ്ടും മൂന്നും തവണ പരിശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം.
ഒടുവില്‍ ജിവിതത്തിലെ ഏറ്റവും വലിയ ആ?ഗ്രഹം ഉപേക്ഷിക്കേണ്ടി വരുമോ എന്നൊരു സാഹചര്യത്തിലേക്ക് എത്തിയപ്പോഴേയ്ക്കും അവസാനമായി ഒരു ശ്രമം കൂടി നടത്താന്‍ അംബിക തീരുമാനിച്ചു. ഒടുവില്‍ 2008 ല്‍ അംബിക തന്റെ സ്വപ്നം നേടിയെടുക്കുക തന്നെ ചെയ്തു.
സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് പഠിക്കുന്ന എല്ലാവരും ദിവസവും പത്രം വായിക്കുന്നത് ശീലമാക്കണമെന്ന് അംബിക നിര്‍ദേശിക്കുന്നു. ചെറിയ കുറിപ്പുകള്‍ തയ്യാറാക്കി വേണം പഠനം മുന്നോട്ട് കൊണ്ടുപോകാന്‍. കൂടുതല്‍ മോക് ടെസ്റ്റുകള്‍ പരിശീലിക്കുന്നതും വിജയം എളുപ്പമാക്കുമെന്നാണ് അംബികയുടെ വാക്കുകള്‍. നിലവില്‍ മുംബൈയില്‍ ഐബിയില്‍ ഡെപ്യൂട്ടി ഡയറക്ടറാണ് അംബിക എന്‍. ഐപിഎസ്.
108 1 minute read