സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ഏറെ സുപരിചിതരാണ് ഡയമണ്ട് കപ്പിള്‍സ്. പാലക്കാട് മുണ്ടൂര്‍ സ്വദേശികളായ ആന്‍ മേരിയും ഭര്‍ത്താവ് അഖിലും ചേര്‍ന്നതാണ് ഈ ഡയമണ്ട് കപ്പിള്‍സ്. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ആനും അഖിലും. ഒരു ബ്ലെഡ് ഡോണേഷന്‍ പരിപാടിയില്‍ കണ്ടുമുട്ടിയ ഇരുവരും അടുപ്പത്തിലായി. ഒപ്പം കവിതകളോടുള്ള ഇഷ്ടം കൂടി ആയതോടെ പരിചയം പ്രണയത്തിലേക്ക് എത്തുക ആയിരുന്നു.
യുട്യൂബിള്‍ മൂന്ന് ലക്ഷത്തില്‍ അധികം സബ്‌സ്‌ക്രൈബേഴ്‌സുള്ള ഇരുവരുടെയും വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. ആരാധക ഇഷ്ട്ടത്തോടൊപ്പം തന്നെ പലപ്പോഴും ബോഡി ഷോയ്മിങ്ങും വിമര്‍ശനവും നേരിട്ടിട്ടുള്ള ആണ് ആന്‍ മേരി. ഇക്കാര്യത്തെ കുറിച്ച് ജോഷ് ടോക്കില്‍ ആന്‍ പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ഇപ്പോള്‍ ശ്രദ്ധനേടുകയാണ്.
ആന്‍ മേരിയുടെ വാക്കുകള്‍ ഇങ്ങനെ
അവന്‍ എങ്ങനെ കെട്ടി? ചിലപ്പോള്‍ ഇവളെ വച്ച് അവന് കാശ് ഉണ്ടാക്കാന്‍ വേണ്ടിയാകും കെട്ടിയത്. കാരണം നല്ലൊരു ചെക്കന്‍ ഇങ്ങനെയുള്ളൊരു പെണ്ണിനെ കെട്ടി എന്ന് പറഞ്ഞ് ഒരുപാട് പേര്‍ റീച് ഉണ്ടാക്കുന്നുണ്ടല്ലോ. ആ കാരണം കൊണ്ടാകും അവന്‍ ഇവളെ കെട്ടിയിട്ടുണ്ടാകുക എന്ന തരത്തില്‍ വലിയ സംസാരം നടന്നിരുന്നു. എങ്ങനെയാണ് നീ അവളെ സ്‌നേഹിച്ചത്. അവളെ കണ്ടാല്‍ ആണാണോ പെണ്ണാണോ എന്ന് പറയോ? ആ മുഖം കണ്ടാല്‍ കാര്‍ക്കിച്ച് തുപ്പാനല്ലേ തോന്നുള്ളൂ എന്നാണ് ഞങ്ങള്‍ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന് അഖിലിന്റെ വീട്ടില്‍ പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞത്. എന്നെ നേരിട്ട് കണ്ടപ്പോള്‍ എന്റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പിയവര്‍ വരെ ഉണ്ട്. അത്രത്തോളം പ്രതിസന്ധികള്‍ നേരിട്ടാണ് ഞങ്ങള്‍ വിവാഹിതരാകുന്നത്.
എന്റേത് ഒരു കോമ്പ്‌ളിക്കേറ്റഡ് ഡെലിവറി ആയിരുന്നു. സിസേറിയന്‍ ആയിരുന്നു. അമ്മയോ കുഞ്ഞോ എന്ന സിറ്റുവേഷനില്‍ ആയിരുന്നു ഡെലിവറി. അതിന് മുന്‍പ് ഞാന്‍ പറയുമായിരുന്നു എന്റെ കുഞ്ഞ് ഏട്ടനെ പോലെ ആകണമെന്ന്. ഓഹ് അവള്‍ക്ക് വെളുത്തെ കുഞ്ഞിനെ വേണം എന്നൊക്കെ പറഞ്ഞ പലരും കളിയാക്കിയിട്ടുണ്ട്. നിനക്ക് ഉണ്ടാകുന്ന കുഞ്ഞ് കറുപ്പാകും. അത് കേള്‍ക്കുമ്പോള്‍ തന്നെ നിന്നെ ഭര്‍ത്താവ് ഉപേക്ഷിച്ച് പോകും. എല്ലാവരും ഉപേക്ഷിച്ച് നീ ഒറ്റപ്പെടും എന്നൊക്കെ പറഞ്ഞു. പ്രസവ ശേഷം ഒരു ബന്ധു വിളിച്ച് ചോദിച്ചത് കുഞ്ഞിന്റെ നിറം എന്താണെന്നാണ്.