ഇസ്ലാമാബാദ്: ജോലി സമയത്തിന് ശേഷം സര്‍ക്കാര്‍ ഓഫീസില്‍ ജീവനക്കാര്‍ ഇരിക്കുന്നത് വിലക്കി പാക്കിസ്ഥാനില്‍ സര്‍ക്കാര്‍ ഉത്തരവ്. എസി തണുപ്പ് ആസ്വദിക്കുന്നതിനായി ജോലി സമയം കഴിഞ്ഞും ഓഫീസില്‍ തുടരുന്ന ജീവനക്കാരെയാണ് ഇതില്‍ നിന്ന് വിലക്കിയത്. പാക്കിസ്ഥാനിലെ പ്ലാനിങ്, ഡെവലപ്‌മെന്റ് ആന്റ് സ്‌പെഷല്‍ ഇനീഷ്യേറ്റീവ് മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഉത്തരവ് ലംഘിച്ച് ഓഫീസില്‍ തുടരുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ ജോലി സമയത്തിന് ശേഷവും ഓഫീസില്‍ തുടരുന്നതും എന്നാല്‍ ഓഫീസിലിരിക്കുന്ന അധിക സമയത്ത് ജീവനക്കാര്‍ ജോലിയൊന്നും ചെയ്യുന്നില്ലെന്നും ശ്രദ്ധയില്‍പെട്ടതോടെയാണ് നടപടി.
അതിനാല്‍ ഓഫീസ് സമയം കഴിഞ്ഞാല്‍ ജീവനക്കാരാരും ഓഫീസില്‍ ഇരിക്കരുതെന്ന് ഇപ്പോഴത്തെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. അല്ലാത്ത പക്ഷം തക്കതായ ജോലി തീര്‍ക്കാനുണ്ടെന്ന് ബോധ്യപ്പെടുത്താനാവണം. അല്ലെങ്കില്‍ കടുത്ത ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് അറിയിപ്പില്‍ പറയുന്നു.
എന്നാല്‍ ജീവനക്കാര്‍ തന്നെ ഇതിനെതിരെ രംഗത്ത് വന്നതായാണ് പാക് മാധ്യമമായ ദി നേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചില വകുപ്പുകളിലെ ജീവനക്കാര്‍ക്ക് ജോലി ഭാരം മൂലം ജോലി സമയം കഴിഞ്ഞും ഓഫീസില്‍ തുടരേണ്ടി വരുന്നുണ്ടെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ചിലര്‍ ജോലി സമയം കഴിഞ്ഞും സൂര്യാസ്തമനം വരെ ഓഫീസുകളില്‍ തുടരുന്ന കാര്യം പൂര്‍ണമായി ജീവനക്കാര്‍ തള്ളുന്നുമില്ല.
81 Less than a minute