BREAKINGKERALA
Trending

അര്‍ജുനായുള്ള കാത്തിരിപ്പ് 5-ാം ദിവസത്തിലേക്ക്; തെരച്ചില്‍ അതിരാവിലെ മുതല്‍, റഡാര്‍ ഉപയോഗിച്ച് ലോറി കണ്ടെത്താന്‍ ശ്രമം

ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ലോറിയുള്‍പ്പെടെ മണ്ണിനടിയില്‍പ്പെട്ട കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് രാവിലെ പുനഃരാരംഭിച്ചു. വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിക്ക് തെരച്ചില്‍ നിര്‍ത്തി വയ്ക്കുകയാണെന്ന് ജില്ലാ കളക്ടര്‍ അറിയിക്കുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി രക്ഷാപ്രവര്‍ത്തനം നടത്താന്‍ വലിയ ലൈറ്റുകള്‍ അടക്കം കൊണ്ടുവന്ന് പ്രദേശത്ത് സജ്ജമാക്കിയിരുന്നു. കനത്ത മഴയെ അവഗണിച്ചും തെരച്ചില്‍ അല്‍പസമയം കൂടി തുടരുകയും ചെയ്തു. എന്നാല്‍ മേഖലയില്‍ മഴ അതിശക്തമായ മഴ പെയ്യുന്നതിനാല്‍ കൂടുതല്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും അതുകൊണ്ടു തന്നെ തെരച്ചില്‍ നിര്‍ത്തി വെയ്ക്കുകയാണെന്നും കളക്ടര്‍ അറിയിക്കുകയായിരുന്നു.
ശനിയാഴ്ച അതിരാവിലെ മുതല്‍ തെരച്ചില്‍ തുടരുമെന്നാണ് കളക്ടര്‍ അറിയിച്ചത്. പുലര്‍ച്ചെ അഞ്ചരയ്ക്ക് തെരച്ചില്‍ നടപടികള്‍ ആരംഭിക്കും. റഡാര്‍ ഉപയോഗിച്ചായിരിക്കും തെരച്ചില്‍ നടത്തുക. ബെംഗളുരുവില്‍ നിന്ന് റഡാര്‍ ഡിവൈസ് എത്തിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. വളരെ ആഴത്തിലുള്ള വസ്തുക്കള്‍ വരെ കണ്ടെത്താന്‍ കഴിയുന്ന റഡാര്‍ ആണ് അപകടം നടന്ന സ്ഥലത്തേക്ക് കൊണ്ടുവരിക.
രാവിലെ തന്നെ റഡാര്‍ ഉപകരണം സ്ഥലത്ത് എത്തിക്കാനാണ് ശ്രമം. ലോറിയുള്ള സ്ഥലം ഈ റഡാര്‍ വഴി കണ്ടെത്താന്‍ കഴിഞ്ഞാല്‍ ആ ദിശ നോക്കി മണ്ണെടുപ്പ് നടത്തും. നാവികസേന, എന്‍.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫ്, പൊലീസ്, അഗ്‌നിശമനസേന സംഘങ്ങള്‍ ചേര്‍ന്നാണ് രക്ഷാദൗത്യം തുടരുക. കോഴിക്കോട്ടെ വീട്ടില്‍ അര്‍ജുന് വേണ്ടി കണ്ണീരോടെ, അതിലേറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കുടുംബം. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സഹായം തേടണമെന്ന് അര്‍ജുന്റെ ഭാര്യാസഹോദരന്‍ ജിതിന്‍ ആവശ്യപ്പെട്ടിരുന്നു.

Related Articles

Back to top button