ധാക്ക: ബംഗ്ലാദേശില്‍ സര്‍ക്കാര്‍ മേഖലയിലെ തൊഴില്‍സംവരണത്തിനെതിരേ, വിദ്യാര്‍ഥിപ്രക്ഷോഭം ആളിപ്പടരുന്നു. വ്യാഴാഴ്ച അക്രമസംഭവങ്ങളില്‍ 11 പേര്‍കൂടി മരിച്ചതോടെ മരണസംഖ്യ 18 ആയി ഉയര്‍ന്നു. മരിച്ചവരിലേറെയും വിദ്യാര്‍ഥികളാണ്.
അക്രമം അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ രാജ്യത്തുടനീളം സൈന്യത്തെ വിന്യസിച്ചു. ക്രമസമാധാനപാലത്തിനായി ബംഗ്ലാദേശ് അതിര്‍ത്തിരക്ഷാസേനയടക്കം രംഗത്തിറങ്ങി. സംഘര്‍ഷം രൂക്ഷമായതോടെ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളുമായി ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് പ്രധാനമന്ത്രി ശൈഖ് ഹസീന അറിയിച്ചു. ചര്‍ച്ചയ്ക്കായി വിദ്യാഭ്യാസമന്ത്രി മൊഹിബുള്‍ ചൗധരിയെ ചുമതലപ്പെടുത്തിയെന്ന് നിയമമന്ത്രി അനിസുള്‍ ഹഖ് വ്യക്തമാക്കി. സംവരണവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി പരിഗണിക്കുന്നത് നേരത്തെയാക്കാന്‍ സര്‍ക്കാര്‍ ശ്രമമാരംഭിച്ചതായും അറിയിച്ചു.
രാജ്യത്തിന്റെ പലഭാഗങ്ങളിലും സുരക്ഷാസേനയും വിദ്യാര്‍ഥികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ സേന ലാത്തിച്ചാര്‍ജും റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു. ഒമ്പത് മരണങ്ങള്‍ തലസ്ഥാനനഗരമായ ധാക്കയിലാണ്. ഒരാള്‍ സവാറിലും മറ്റൊരാള്‍ മദാരിപുര്‍ ജില്ലയിലും കൊല്ലപ്പെട്ടു. അഞ്ഞൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു.സംഘര്‍ഷത്തെത്തുടര്‍ന്ന് ധാക്കയിലേക്കുള്ള റെയില്‍ഗതാഗതം നിര്‍ത്തി. മെട്രോ റെയില്‍ അടച്ചു. മൊബൈല്‍ ഇന്റര്‍നെറ്റ് സേവനവും നിര്‍ത്തി.
പ്രക്ഷോഭവുമായി ബന്ധപ്പെട്ടുണ്ടായ കലാപങ്ങളെക്കുറിച്ചന്വേഷിക്കാന്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ചു. ചൊവ്വാഴ്ച പ്രതിഷേധക്കാരും ഭരണകക്ഷിയായ അവാമി ലീഗിന്റെ വിദ്യാര്‍ഥിസംഘടനയും ഏറ്റുമുട്ടിയതോടെയാണ് പലയിടത്തും സംഘര്‍ഷം രൂക്ഷമായത്. പ്രക്ഷോഭത്തെത്തുടര്‍ന്ന് രാജ്യത്തെ സ്‌കൂളുകളും സര്‍വകലാശാലകളും അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.
1971-ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തില്‍ പങ്കെടുത്തവരുടെ പിന്‍തലമുറക്കാര്‍ക്കുള്ള 30 ശതമാനം സംവരണമുള്‍പ്പെടെ സര്‍ക്കാര്‍ സര്‍വീസില്‍ നിലവില്‍ 56 ശതമാനമാണ് ആകെ സംവരണം. ഇത് തൊഴിലില്ലായ്മ രൂക്ഷമാക്കുമെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. നിലവില്‍ 32 കോടി യുവാക്കള്‍ രാജ്യത്ത് തൊഴിലില്ലായ്മ നേരിടുന്നു.
165 1 minute read