BREAKINGKERALA

തീ തുപ്പുന്ന ബൈക്കുമായി അഭ്യാസ പ്രകടനം; യുവാവിനായി മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണം

കൊച്ചി: കൊച്ചി നഗരത്തില്‍ തീ തുപ്പുന്ന ബൈക്കുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവിനെ തിരഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ്. KL 01 CT 6680 രജിസ്‌ട്രേഷനുള്ള ബൈക്കിലാണ് യുവാവ് കഴിഞ്ഞ ആഴ്ച അഭ്യാസ പ്രകടനം നടത്തിയത്. പിന്നാലെ വന്ന കാര്‍ യാത്രക്കാരനായ കൊച്ചി സ്വദേശിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അപകടം ക്ഷണിച്ചു വരുത്തുന്നതാണ് ഇത്തരത്തിലുള്ള യാത്രകളെന്നും യുവാവിനെ കണ്ടെത്തിയ ശേഷം വണ്ടിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം കായംകുളം പുനലൂര്‍ റോഡില്‍ വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാതെ സാഹസിക സ്‌കൂട്ടര്‍ യാത്ര നടത്തിയ യുവാക്കള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചിരുന്നു. ചാരുമൂട് വെച്ചാണ് സംഭവം നടന്നത്. മൂന്ന് പേര്‍ സഞ്ചരിച്ച സ്‌കൂട്ടറാണ് സഹസിക യാത്ര നടത്തിയത്. പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് സ്‌കൂട്ടര്‍ പിടിച്ചെടുത്തു. വാഹനം ഓടിച്ച ആളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തിട്ടുണ്ട്. വാഹനം ഓടിക്കുമ്പോള്‍ മൂന്ന് പേര്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നും മോട്ടോര്‍ വാഹന വകുപ്പ് സംശയിക്കുന്നുണ്ട്.

Related Articles

Back to top button