ലഖ്നൗ: ഉത്തര്‍പ്രദേശില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം തടയല്‍ നിയമപ്രകാരം അറസ്റ്റ് ചെയ്ത യുവാവിനെയും സഹോദരനെയും ജയിലില്‍നിന്ന് വിട്ടയക്കാന്‍ കോടതി ഉത്തരവിട്ടു. സംഭവം ലവ് ജിഹാദ് ആണെന്നതിന് തെളിവൊന്നുമില്ലാത്തതിനാലാണ് ഇവരെ വിട്ടയക്കാന്‍ ഉത്തരവിട്ടത്.
അതേസമയം, സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന യുവാവിന്റെ ഭാര്യയുടെ ഗര്‍ഭം അലസി. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിക്ക് ചില കുത്തിവെയ്പ്പുകള്‍ നല്‍കിയെന്നും അഭയകേന്ദ്രത്തിലെ പീഡനവും ആശുപത്രിയിലെ അനാസ്ഥയുമാണ് ഗര്‍ഭം അലസാന്‍ കാരണമായതെന്നുമാണ് ആരോപണം.
22കാരിയായ ഹിന്ദു യുവതിയും മുസ്ലീം യുവാവും തമ്മിലുള്ള വിവാഹം ലവ് ജിഹാദ് ആണെന്ന് ആരോപിച്ച് ബജ്റങ് ദള്‍ പ്രവര്‍ത്തകരാണ് പോലീസില്‍ പരാതി നല്‍കിയത്. നേരത്തെ മതാചാരപ്രകാരം വിവാഹിതരായ ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചതോടെയാണ് പോലീസില്‍ പരാതി എത്തിയത്.
തുടര്‍ന്ന് യുവാവിനെയും സഹോദരനെയും നിര്‍ബന്ധിത മതപരിവര്‍ത്തനം തടയല്‍ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. യുവതിയെ പിന്നീട് സര്‍ക്കാര്‍ അഭയകേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍, 13 ദിവസം ജയിലില്‍ അടച്ചിട്ടും യുവാവിനെതിരായ തെളിവുകളൊന്നും പോലീസിന് ലഭിച്ചില്ല. തുടര്‍ന്നാണ് ഇവരെ വിട്ടയക്കാന്‍ കോടതി ഉത്തരവിട്ടത്.
ഇതിനിടെയാണ് തന്റെ ഗര്‍ഭം അലസിയെന്ന ആരോപണവുമായി 22കാരിയും രംഗത്തെത്തിയത്. ഗര്‍ഭിണിയായിരുന്ന യുവതിയെ കടുത്ത വേദനയും രക്തസ്രാവവും ഉണ്ടായതിനെ തുടര്‍ന്നാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെവെച്ച് ഗര്‍ഭം അലസിപ്പോയെന്നാണ് യുവതിയുടെ ആരോപണം.
സ്വകാര്യ ലാബില്‍ നടത്തിയ സ്കാനിങ്ങില്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അഭയകേന്ദ്രത്തില്‍നിന്ന് പിന്നീട് യുവതിയെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് വിട്ടയച്ചെങ്കിലും ആശുപത്രി രേഖകള്‍ കൈമാറിയിട്ടില്ലെന്നും ആക്ഷേപമുണ്ട്.
‘ഞങ്ങളുടെ കുഞ്ഞിനെ നഷ്ടപ്പെട്ടിട്ട് പോലും ഭര്‍ത്താവുമായി സംസാരിക്കാന്‍ ആരും അനുവദിച്ചില്ല. ഭര്‍ത്താവിനെ വിട്ടയക്കുമെന്ന് പറയുന്നതല്ലാതെ ഇതുവരെ അദ്ദേഹം പുറത്തിറങ്ങിയിട്ടില്ല. ഞങ്ങള്‍ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. പ്രണയിക്കുന്നവര്‍ക്ക് ഇങ്ങനെയാണ് സംഭവിക്കുന്നതെങ്കില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന്റെ അര്‍ഥം എന്താണ്?’ യുവതി ചോദിച്ചു.
അതേസമയം, യുവതിയുടെ ആരോപണം ജില്ലാ ആശുപത്രി അധികൃതര്‍ നിഷേധിച്ചു. സ്വകാര്യ ലാബിലെ സ്കാനിങ് റിപ്പോര്‍ട്ടില്‍ സംശയമുണ്ടെന്നും ഇക്കാര്യത്തില്‍ വിശദമായ പരിശോധന ആവശ്യമാണെന്നുമായിരുന്നു ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ പ്രതികരണം. അതിനിടെ, കോടതി ഉത്തരവിട്ടിട്ടും യുവാവിനെയും സഹോദരനെയും ഇതുവരെ ജയിലില്‍നിന്ന് വിട്ടയിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കോടതി ഉത്തരവ് ജയിലില്‍ എത്താത്തതാണ് കാലതാമസത്തിന് കാരണം.