പത്തനംതിട്ട: സിപിഐഎം സംസ്ഥാന കമ്മിറ്റിക്ക് പുറമേ പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗങ്ങളിലും മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം .മുഖ്യമന്ത്രിയുടെ പെരുമാറ്റം ജന വിരോധത്തിന് കാരണമാക്കിയെന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ വിമര്‍ശിച്ചു. ഭരണവിരുദ്ധ വികാരം മനസ്സിലാക്കാന്‍ കഴിഞ്ഞില്ല എന്നും യോഗത്തില്‍ കുറ്റപ്പെടുത്തലുണ്ട്.
അടിമുടി മാറണമെന്ന സംസ്ഥാന കമ്മിറ്റി വിമര്‍ശനത്തിന് പിന്നാലെ പതിവിന് വിരുദ്ധമായി മറയില്ലാതെ തുറന്നടിക്കുകയാണ് സിപിഐഎമ്മിലെ കീഴ് ഘടകങ്ങളും .മുഖ്യമന്ത്രിയുടെ പെരുമാറ്റം തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണമായിയെന്ന പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റില്‍ കുറ്റപ്പെടുത്തലുണ്ട്. മാസപ്പടി വിവാദം ചൂണ്ടിക്കാട്ടി നേതാക്കളുടെ മക്കള്‍കച്ചവടം നടത്തി പണം ഉണ്ടാക്കുന്നു എന്ന പ്രചാരണം ജനങ്ങളില്‍ അവമതിപ്പ് ഉണ്ടാക്കി എന്നും അംഗങ്ങള്‍ വിമര്‍ശിച്ചു .
പെന്‍ഷന്‍ കുടിശ്ശിക വലിയൊരു വിഭാഗത്തെ എതിരാക്കി മാറ്റി .നവ കേരള സദസ്സില്‍ നടന്ന പണപ്പിരിവില്‍ വ്യക്തതയില്ലാത്തത് ക്ഷീണമായി മാറി ഇങ്ങനെ പോകുന്നു വിമര്‍ശനങ്ങള്‍ .വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാര്‍ പൂര്‍ണ പരാജയമാണെന്നും ജനങ്ങളോട് ഇടപെടുന്നതില്‍ മന്ത്രിമാര്‍ക്ക് വീഴ്ചയുണ്ടെന്നും ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ തുറന്നടിച്ചു. ഡോക്ടര്‍ ടി എം തോമസ് ഐസക്, മന്ത്രി വി എന്‍ വാസവന്‍ എന്നിവരാണ് ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിനായി മേല്‍ഘടകത്തില്‍ നിന്ന് എത്തിയിരുന്നത്. അടുത്തദിവസം ചേരുന്ന ജില്ലാ കമ്മറ്റി യോഗത്തില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നേരിട്ട് എത്തിയേക്കും .
1,114 1 minute read