തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തിലുള്ള തെറ്റ് തിരുത്തല്‍ മാര്‍ഗരേഖ അന്തിമമാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് വീണ്ടും ചേരും. സംസ്ഥാന കമ്മിറ്റിയില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ കൂടി പരിഗണിച്ചാണ് മാര്‍ഗരേഖ ഒരുക്കുക. രണ്ടുദിവസമായി തുടരുന്ന സംസ്ഥാന കമ്മിറ്റിയില്‍ മുഖ്യമന്ത്രിക്കെതിരെ അംഗങ്ങളില്‍ നിന്നും രൂക്ഷ വിമര്‍ശനമാണുണ്ടായത്. മൈക്കിനോട് പോലും കയര്‍ക്കുന്നതരം അസഹിഷ്ണുത അവമതിപ്പ് ഉണ്ടാക്കി. പൊതു സമൂഹത്തിലെ ഇടപെടല്‍ നിലവിലെ ശൈലി തിരുത്തപ്പെടേണ്ടതാണെന്നും ചര്‍ച്ചയില്‍ അംഗങ്ങള്‍ പറഞ്ഞു.
കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജനും വിമര്‍ശനം ഉണ്ടായി. വിവാദ നായകരുമായുള്ള ബന്ധം ഒഴിവാക്കേണ്ടിയിരുന്നു. തെരഞ്ഞെടുപ്പില്‍ ആയുധമായെന്നും വിമര്‍ശനം ഉയര്‍ന്നു.ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതും സപ്ലൈകോയില്‍ അവശ്യസാധനങ്ങള്‍ ഇല്ലാതായതും അടക്കമുള്ള ഭരണ വീഴ്ചകള്‍ സാധാരണ ജനങ്ങളെ എതിരാക്കി എന്നാണ് സംസ്ഥാന കമ്മിറ്റിയില്‍ ഉയര്‍ന്ന വിമര്‍ശനം. മുഖ്യമന്ത്രിക്കെതിരെ കീഴ് ഘടകങ്ങളില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ അവഗണിക്കരുതെന്ന നിര്‍ദ്ദേശവും സംസ്ഥാന സമിതിയില്‍ ഉണ്ടായി.
സര്‍ക്കാര്‍ പദ്ധതികളില്‍ മുന്‍ഗണന നിശ്ചയിക്കണമെന്നും അംഗങ്ങള്‍ അവശ്യപ്പെട്ടു. അഞ്ചുദിവസം നീണ്ടുനിന്ന സിപിഎം നേതൃയോഗം ഇന്ന് അവസാനിക്കും. ചര്‍ച്ചയ്ക്ക് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സര്‍ക്കാരിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രിയും മറുപടി പറയും. കെ രാധാകൃഷ്ണന്‍ രാജിവെച്ച സാഹചര്യത്തില്‍ പുതിയ മന്ത്രിയെ നിശ്ചയിക്കുന്നതില്‍ അടക്കം വിശദമായ ചര്‍ച്ച പിന്നീട് നടക്കും.
1,129 1 minute read